kollam-port

 ആറടി ഉയരത്തിൽ ചുറ്റുമതിൽ, മുകളിൽ മൂന്നടി ഉയരത്തിൽ കമ്പിവേലി

കൊല്ലം: കൊല്ലം തുറമുഖത്ത് എമിഗ്രേഷൻ പോയിന്റ് അനുവദിക്കാൻ കൂടുതൽ നിബന്ധനകളുമായി (എഫ്.ആർ.ആർ.ഒ). സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിൽ യാതൊരു വീട്ടുവീഴ്ചയുമുണ്ടാകില്ലെന്നാണ് എഫ്.ആർ.ആർ.ഒ അധികൃതരുടെ വിശദീകരണം. രണ്ട് മാസത്തിനുള്ളിൽ എമിഗ്രേഷൻ പോയിന്റ് ലഭിക്കുമെന്ന തുറമുഖത്തി​ന്റെ സ്വപ്നങ്ങൾക്ക് ഇത് തിരിച്ചടിയാകുമോയെന്നാണ് ആശങ്ക.

തുറമുഖത്തി​ലേക്ക് കടന്നുവരുന്ന യാത്രക്കാരെ ആദ്യം ആരോഗ്യവിഭാഗമാണ് പരിശോധിക്കേണ്ടത്. തുടർന്നാണ് എമി​ഗ്രേഷൻ വിഭാഗത്തിന്റെയും കസ്റ്റംസിന്റെയും പരിശോധന. യാത്രക്കാരുടെ ബാഗേജുകളിൽ സ്ഫോടക വസ്തുക്കളോ മറ്റോ ഉണ്ടോയെന്നാണ് ആദ്യം പരി​ശോധി​ക്കുന്നത്. ശേഷം എമിഗ്രേഷൻ, കസ്റ്റംസ് വിഭാഗങ്ങളുടെ പരിശോധന. പി​ന്നീട് സുരക്ഷാസേനയുടെ ദേഹ പരിശോധന അടക്കം കഴിഞ്ഞ ശേഷമേ കപ്പലിൽ കയറാനാകൂ എന്നാണ് എഫ്.ആർ.ആർ ഓഫീസ് വിശദീകരിക്കുന്നത്. തുറമുഖത്തെ എല്ലാ ചലനങ്ങളും ഒപ്പിയെടുക്കുന്ന നിരീക്ഷണ കാമറകൾ ഉണ്ടായിരിക്കണം. ആറടി ഉയരത്തിൽ ചുറ്റുമതിലും അതിന് മുകളിൽ മൂന്നടി ഉയരത്തിൽ കമ്പിവേലിയും ഉണ്ടാകണം. കപ്പലിൽ എത്തുന്ന ഒരാൾക്ക് പരിശോധനകൾ പൂർത്തിയാക്കാതെ പുറത്തുകടക്കാനുള്ള ഒരു പഴുതും ഉണ്ടാകരുത്. എഫ്.ആർ.ആർ.ഒ ഈ നിബന്ധനകളിൽ മുറുകെ പിടിച്ചാൽ കൊല്ലം തുറമുഖത്തി​ന്റെ സ്വപ്നം സഫലമാകാൻ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടി വരും.

നിലവിൽ വി​മുക്തഭടൻമാരുടെ കൂട്ടായ്മയാണ് തുറമുഖത്തി​ന്റെ സുരക്ഷ നി​ർവഹി​ക്കുന്നത്. ഇത് എഫ്.ആർ.ആർ.ഒ അംഗീകരിക്കുന്നി​ല്ല. സംസ്ഥാന പൊലീസിന്റെയോ വ്യവസായ സുരക്ഷാസേന അടക്കമുള്ള കേന്ദ്ര സേനയുടെയോ സാന്നിദ്ധ്യമാണ് അവർ ആവശ്യപ്പെടുന്നത്. സി.സി.ടി.വി കാമറകളുണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല. കൂടുതൽ ദൃശ്യങ്ങൾ സംഭരിക്കാനുള്ള സെർവർ ശേഷിയുമില്ല. വാർഫ് നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ മുൻഭാഗത്തെ ചുറ്റുമതിൽ ഇനിയും പുനസ്ഥാപിച്ചിട്ടില്ല.

 ഒഴിവാക്കാവുന്ന കടുംപിടിത്തം

ആദ്യഘട്ടത്തിൽ വിദേശ കപ്പലുകളും യാത്രാകപ്പലുകളും വരാൻ സാദ്ധ്യത ഇല്ലാത്തതിനാൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ആവശ്യമില്ലെന്നാണ് തുറമുഖ വകുപ്പ് അധികൃതർ പറയുന്നത്. വിഴിഞ്ഞം, അഴീക്കൽ തുറമുഖങ്ങളിൽ എമിഗ്രേഷൻ പോയിന്റ് അനുവദിച്ചത് ഇത്തരം നിബന്ധനകൾ ഇല്ലാതെയാണെന്നും തുറമുഖ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

 മനുഷ്യക്കടത്തും കള്ളക്കടത്തും

സുരക്ഷ അയഞ്ഞാൽ ആഭ്യന്തര സർവീസുകൾ വഴി കള്ളക്കടത്തും മനുഷ്യക്കടത്തും നടക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നാണ് എഫ്.ആർ.ആർ.ഒ നിലപാട്. രാജ്യസുരക്ഷയെ ബാധിക്കുന്ന മറ്റ് പ്രവർത്തനങ്ങൾക്കുള്ള സാദ്ധ്യതയും ചൂണ്ടിക്കാട്ടുന്നു. എഫ്.ആർ.ആർ.ഒ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നത്.