ആദ്യഘട്ട വികസനം 75 ലക്ഷം രൂപ

കൊട്ടാരക്കര: കൊട്ടാരക്കരയിലെ സ്വകാര്യ ബസ് സ്റ്റാൻഡ് ഹൈടെക് വികസനത്തിനൊരുങ്ങുന്നു. 75 ലക്ഷം രൂപയുടെ ആദ്യഘട്ട വികസനത്തിന് ഇന്ന് തുടക്കമാകും. രണ്ടാം ഘട്ടത്തിൽ കൂടുതൽ സംവിധാനങ്ങളെത്തും. നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്. പുലമൺ ജംഗ്ഷന് സമീപത്തായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെയും എം.സി റോഡിന്റെയും ഇടയിലായിട്ടാണ് നിലവിൽ ബസ് സ്റ്റാൻഡുള്ളത്.

അസൗകര്യങ്ങളിൽ വീർപ്പുമുട്ടി

ലോക്ക് ഡൗണിന് മുമ്പ് ദിവസം നൂറിൽപരം സ്വകാര്യ ബസുകളാണ് സ്റ്റാൻഡിൽ വന്നുകൊണ്ടിരുന്നത്. സദാസമയവും ബസുകൾ വന്നുപോകുന്ന സ്റ്റാൻഡ് അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയായിരുന്നു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. എം.സി റോഡിൽ നിന്ന് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗം അടുത്തകാലംവരെയും പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടന്നിരുന്നതാണ്. സ്റ്റാൻഡിനുള്ളിലും വെള്ളക്കെട്ടും ദുരിതങ്ങളുമായിരുന്നു. ഇവിടെ ഓട നിർമ്മാണത്തിന് തുടക്കമിട്ടത് ചില്ലറ വിവാദങ്ങൾക്കും ഇടയാക്കി.

ഹൈടെക് സൗകര്യങ്ങൾ

മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ബസ് സ്റ്റാൻഡ് ആണ് കൊട്ടാരക്കരയിൽ നിർമ്മിക്കുക. ബസ് പാർക്കിംഗിന് വേണ്ടുവോളം സ്ഥലമുണ്ട്. കച്ചവട സ്ഥാപനങ്ങൾ, ടൊയ്ലറ്റുകൾ, വിശ്രമസ്ഥലം, ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. എ.ടി.എം കൗണ്ടർ, ടെലിവിഷൻ, മുലയൂട്ടൽ കേന്ദ്രം, വൈഫൈ സംവിധാനം തുടങ്ങി മറ്റ് സൗകര്യങ്ങളുമൊരുക്കും. കെട്ടിലും മട്ടിലും ഏറ്റവും മികച്ച വിധമാണ് സ്റ്റാൻഡ് വിഭാവനം ചെയ്തിട്ടുള്ളത്.

നിർമ്മാണ ഉദ്ഘാടനം ഇന്ന്

കൊട്ടാരക്കരയിൽ ഹൈടെക് സ്വകാര്യ ബസ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 4.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ ശിലാസ്ഥാപനം നടത്തും. നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.ബി.ഗണേശ് കുമാർ എം.എൽ.എ, നഗരസഭ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ എന്നിവർ സംസാരിക്കും.