
കൊല്ലം: നാളുകളായി 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയ പല ജനകീയ പ്രശ്നങ്ങൾക്കും ബഡ്ജറ്റിലൂടെ പരിഹാരമാകുന്നു. കശുഅണ്ടി മേഖലയിലെ പ്രതിസന്ധി മുതൽ അഷ്ടമുടി കായലിലെ മാലിന്യ പ്രശ്നങ്ങൾ വരെ ഇതിൽപ്പെടുന്നു.
 അഷ്ടമുടിക്കായൽ
അഷ്ടമുടിക്കായലിനെ കാത്തിരിക്കുന്ന ദുരന്തത്തെപ്പറ്റിയുളള മുന്നറിയിപ്പായിരുന്നു കേരളകൗമുദി പ്രസിദ്ധീകരിച്ച 'ആഴം മറന്ന അഷ്ടമുടി' പരമ്പര. കായലിന്റെ ശുചീകരണത്തിനായി 10 കോടിയാണ് അനുവദിച്ചത്. കൊല്ലം തുറമുഖം നേരിടുന്ന അവഗണന കേരളകൗമുദി നിരന്തരം വാർത്തയാക്കിയിരുന്നു. തിരുമുല്ലാവാരം തീർത്ഥാടന ടൂറിസത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയിരുന്നു.
 കൊല്ലം തുറമുഖം
ചരക്കു കപ്പലുകൾ പോലും കൊല്ലം തുറമുഖത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു. എമിഗ്രേഷൻ സൗകര്യങ്ങളുടെ അഭാവം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് തുറമുഖം നേരിടുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ കോവളം മുതൽ ഗോവ വരെ നീളുന്ന ക്രൂയിസ് ടൂറിസം പദ്ധതിയും കൊല്ലം തുറമുഖത്തിന് ഗുണകരമാകും.
 ഓപ്പൺ യൂണിവേഴ്സിറ്റി
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുളള നടപടികൾ നീണ്ടു പോയിരുന്നു. ഈ വിഷയം കേരളകൗമുദിയാണ് ഉയർത്തിക്കൊണ്ടുവന്നത്.
 മൺറോതുരുത്ത്
കാലാവസ്ഥാ വ്യതിയാനം മൂലം മൺറോത്തുരുത്തിലെ വീടുകൾ താഴുന്നതും നാശം നേരിടുന്നതും ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് മാതൃകാ വീടുകൾ നിർമ്മിക്കാൻ 2 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയുള്ള പഠനത്തിനും തുക അനുവദിച്ചിട്ടുണ്ട്.
 കൊട്ടാരക്കര തമ്പുരാൻ മ്യൂസിയം
കഥകളിയെ ജീവനു തുല്ല്യം സ്നേഹിച്ചിരുന്ന കൊട്ടാരക്കര തമ്പുരാന്റെ സ്മാരക മ്യൂസിയം നേരിടുന്ന അവഗണനയും കേരളകൗമുദി ജനശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. തമ്പുരാന്റെ പേരിൽ കഥകളി പഠനത്തിന് കേന്ദ്രം ഒരുങ്ങും.
 കശുഅണ്ടി
സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ കൂട്ടത്തോടെ അടഞ്ഞതിനൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിൽ തുടർച്ചയായി തൊഴിൽ ലഭിക്കാത്തതും കേരളകൗമുദി ചർച്ചയാക്കിയിരുന്നു. കശുഅണ്ടി മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബഡ്ജറ്റിൽ ആശ്വാസകരമായ വിഹിതമുണ്ട്. ഫാക്ടറികൾ തുറക്കുന്ന മുറയ്ക്ക്, പലിശയിളവ് നൽകുന്ന വ്യവസ്ഥയോടെ ഫാക്ടറികളുടെ പുനരുജ്ജീവനത്തിന് ഇത്തവണയും വിഹിതമുണ്ട്.