 
കൊല്ലം: കൈയിൽ കിട്ടിയതും വാരിപ്പിടിച്ച്, ചീറിപ്പായുന്ന വെടിയുണ്ടകൾക്കിടയിലൂടെ യുക്രെയിൻ ജനത പരക്കംപായുന്നത് ഭാരത യുദ്ധവുമായി ബന്ധപ്പെടുത്തി വി.ഹർഷകുമാർ കഥ പറഞ്ഞു നിറുത്തിയപ്പോൾ ഉത്സവപ്പറമ്പിൽ നീണ്ട കരഘോഷം.
പാരിപ്പള്ളി മടവൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് വ്യാഴാഴ്ച ഹർഷകുമാർ എഴുപത്തി നാലാം വയസിൽ കഥപറഞ്ഞത്. 'എത്രപേർ കൊല്ലപ്പെട്ടു, ബന്ധുക്കൾ സുഹൃത്തുക്കൾ..." എന്ന ഗാനത്തോടെ കഥ പറഞ്ഞവസാനിപ്പിച്ചു. പിറ്റേന്ന് പകൽ വിശ്രമിക്കുമ്പോഴാണ് കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് ലഭിച്ച വാർത്തയെത്തിയത്.
പതിന്നാല് വർഷത്തിന് ശേഷമാണ് കഥാപ്രസംഗ കലാകാരന് ഫെലോഷിപ്പ് നൽകുന്നത്. 1987ൽ ഹർഷകുമാറിനെ അക്കാഡമി കഥാപ്രസംഗ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
ഇപ്പോൾ കൊല്ലം വടക്കേവിള ശ്രീനഗർ-248ൽ 'സീമ' എന്ന വീട്ടിലിരുന്ന് പുതിയ കഥയെഴുത്തിന്റെ തിരക്കിലാണ്. 15ന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ 'കനൽ വഴികൾ' എന്ന കഥയാണ് പറയുന്നത്. അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുദേവനെയും ആറാട്ടുപുഴ വേലായുധപ്പണിക്കരെയും അയ്യാ വൈകുണ്ഠ സ്വാമിയെയുമൊക്കെ ഉൾപ്പെടുത്തിയുള്ള കഥ.
വി.സാംബശിവന് ശേഷം മലയാളക്കര ഏറ്റവുമധികം കേട്ടത് പ്രൊഫ. വി. ഹർഷകുമാറിന്റെ കഥകളാണ്. ആംഗലേയ സാഹിത്യത്തിലെയടക്കം ഒട്ടേറെ കഥകളാണ് അദ്ദേഹം മലയാളിക്ക് പരിചയപ്പെടുത്തിയത്. എം.മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന കഥ മൂവായിരത്തിലധികം വേദികളിലാണ് പറഞ്ഞത്. സ്പാർട്ടക്കസും ദുരവസ്ഥയും
രണ്ടായിരത്തോളം വേദികളിൽ പറഞ്ഞു.
പൊലീസ് ഔട്ട് പോസ്റ്റിൽ ഹരിശ്രീ
പാരിപ്പള്ളിയിലെ പൊലീസ് ഔട്ട്പോസ്റ്റിൽ ഹാർമോണിസ്റ്റ് ജനാർദ്ദനൻ പിള്ള ഭാഗവതർക്ക് മുന്നിൽ വെറ്റിലയും അടയ്‌ക്കയും ദക്ഷിണവച്ചാണ് കഥാപ്രസംഗം പഠിച്ചുതുടങ്ങിയത്. പൊലീസുകാരനായ വേലുആശാനുമുന്നിൽ ഒരു പരാതിയുമായി എത്തിയതായിരുന്നു ജനാർദ്ദനൻ പിള്ള ഭാഗവതർ. പരിചയപ്പെട്ടപ്പോൾ മകൻ ഹർഷകുമാറിനെ കഥാപ്രസംഗം പഠിപ്പിക്കാമോയെന്ന് വേലുആശാൻ. അങ്ങനെയാണ് പൊലീസ് ഔട്ട് പോസ്റ്റ് പരിശീലനക്കളരിയായത്. കൊല്ലം എസ്.എൻ കോളേജിൽ ബിരുദാനന്തര പഠനകാലത്ത് സജീവ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായിരുന്നു. കെ.എസ്.എഫിലൂടെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി എം.എയും ബി.എഡും കഴിഞ്ഞതോടെ അദ്ധ്യാപക ജോലി ലഭിച്ചു. പക്ഷേ, കഥാപ്രസംഗത്തോടുള്ള ഇഷ്‌ടം കൊണ്ട് ജോലി വേണ്ടെന്നുവച്ചു. ഭാര്യ റിട്ട. അദ്ധ്യാപിക എസ്.പുഷ്പ. മക്കൾ: സീമ,സൗമ്യ,സൂരജ്.
രണ്ട് വിദേശ രാജ്യങ്ങളിലും നാല് സംസ്ഥാനങ്ങളിലും കഥപറയാൻ അവസരമൊരുങ്ങി. പുതുതലമുറയിൽപ്പെട്ടവരടക്കം ഒട്ടേറെ ശിഷ്യന്മാരുണ്ട്.
പ്രൊഫ.വി. ഹർഷകുമാർ