പരവൂർ: പരവൂർ ജംഗ്ഷനിൽ സ്വകാര്യ ബസിൽ നിന്നു റോഡിലേക്ക് തെറിച്ചു വീണ് ഒൻപതാം ക്ലാസുകാരിക്കു പരിക്കേറ്റു. കോട്ടപ്പുറം കണിച്ചേറ്റിൽ വീട്ടിൽ മനുജയ്ക്കാണ് (15) പരിക്കേറ്റത്. കുട്ടിയെ ഉടൻ പാലത്തറ എൻ.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 7 മണിയോടെയാണ് സംഭവം. തെക്കു ഭാഗത്ത് നിന്നു വരികയായിരുന്ന ബിസ്മില്ല എന്ന ബസിൽ നിന്നാണ് കുട്ടി തെറിച്ചു വീണത്. നിറയെ ആളുകളുമായി അമിതവേഗത്തിലാണ് ബസ് വന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബസ് സ്റ്റാൻഡിൽ കയറാതെ ജംഗ്ഷനിലെ റൗണ്ട് തിരിഞ്ഞു വരുമ്പോഴാണ് കുട്ടി റോഡിലേക്കു തെറിച്ചു വീണത്. ബസിന്റെ വാതിൽ തുറന്നിരിക്കുകയായിരുന്നു. സ്വകാര്യ ബസുകൾ ബസ് സ്റ്റാൻഡിൽ കയറാതെ പോകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യ ബസുകൾ ബസ് സ്റ്റാൻഡിൽ കയറാതെ മടങ്ങുന്നത് മൂലം യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം പരവൂർ പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു. സംഭവത്തിനു ശേഷം ബസ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും പൊലീസിനു കൈമാറുകയും ചെയ്തു. പരവൂർ പൊലീസെത്തി ബസ് ഡ്രൈവറെയും ബസും കസ്റ്റഡിയിൽ എടുത്തു. പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.