
കൊല്ലം: കമ്മിഷണർ ഓഫീസ് റെയിൽവേ മേൽപ്പാലം അടച്ചതോടെ നഗരത്തിലുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ് പൊലീസ്. ചിന്നക്കടയിൽ കൂടുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയാൽ അപകടം വർദ്ധിക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം. നിലവിലെ സ്ഥിതി പരിശോധിച്ച ശേഷം പുതിയ ക്രമീകരണങ്ങൾ ആലോചിക്കുമെന്നും സിറ്റി പൊലീസ് അധികൃതർ വ്യക്തമാക്കി.
# കൊച്ചുപിലാംമൂട് പാലം അടയ്ക്കുന്നത് നീട്ടി
അറ്രകുറ്റപ്പണികൾക്കായി കൊല്ലം ബീച്ചിന് സമീപത്തെ കൊച്ചുപിലാംമൂട് പാലം അടയ്ക്കുന്നത് നീട്ടി. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വിവിധ റോഡുകൾ വെട്ടിക്കുഴിച്ചതിനൊപ്പം കമ്മിഷണർ ഓഫീസ് ആർ.ബി.ഒയും അടച്ചതോടെ നഗരത്തിൽ കടുത്ത ഗതാഗത സ്തംഭനമാണ്. കൊച്ചുപിലാംമൂട് പാലം കൂടി അടച്ചാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നതിനാലാണ് അറ്റകുറ്റപ്പണി നീട്ടിയത്. കമ്മിഷണർ ഓഫീസ് ആർ.ഒ.ബിയുടെ നവീകരണം പൂർത്തിയായ ശേഷമേ കൊച്ചുപിലാംമൂട് പാലം അടയ്ക്കുകയുള്ളു.
# കപ്പലണ്ടി ഗേറ്റ് അടച്ചിട്ട് ആഴ്ചകൾ
ഓടനിർമ്മാണത്തിനായി കപ്പലണ്ടിമുക്കിലെ റെയിൽവേ ഗേറ്റ് അടച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. വാഹനയാത്രക്കാർ നട്ടം തിരിഞ്ഞിട്ടും മൂന്ന് ദിവസമായി നിർമ്മാണം നടക്കുന്നതുമില്ല. ഇതുവഴി കടന്നുപോയിരുന്ന വാഹനങ്ങൾ ഇപ്പോൾ എസ്.എൻ കോളേജ്, പോളയത്തോട് ഗേറ്റുകളിലാണ് എത്തുന്നത്. ഇതോടെ ഈ ഗേറ്റുകളിലെ കുരുക്ക് രൂക്ഷമാക്കിയിരിക്കുകയാണ്.
# പൊടിയിൽ പുതഞ്ഞ് അയത്തിൽ- ചെമ്മാൻമുക്ക് റോഡ്
ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം തുറന്ന അയത്തിൽ - ചെമ്മാൻമുക്ക് റോഡ് പൊടിയിൽ കുളിച്ച അവസ്ഥയിൽ. വെട്ടിപ്പൊളിച്ച ഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടി കാരണം പിന്നാലെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ വല്ലാതെ ബുദ്ധിമുട്ടുകയാണ്. റോഡ് വക്കിലെ വീടുകളും സ്ഥാപനങ്ങളും പൊടിശല്യം കാരണം കടുത്ത ദുരിതത്തിലാണ്. കുണ്ടും കുഴിയും മണ്ണിട്ട് പോലും നികത്താത്തതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്.