കൊല്ലം: രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളുടെയും കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ നഗരസഭ ജീവനക്കാരും തൊഴിലാളികളും പങ്കെടുക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നഗരസഭകളിൽ ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് നോട്ടീസ് നൽകി.
കൊല്ലം ജില്ലയിലെ കൊല്ലം കോർപ്പറേഷൻ ഉൾപ്പടെ 5 നഗരസഭകളിലും പണിമുടക്ക് നോട്ടീസ് നൽകി. കോർപ്പറേഷനിൽ നടന്ന യോഗത്തിൽ കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി എം. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ ഉദ്ഘാടനം ചെയ്തു.കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എം. രാജ, സംസ്ഥാന കമ്മിറ്റി അംഗം എം. മുരുകൻ, കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷ സംസ്ഥാന സെക്രട്ടറി അഡ്വ. എ രാജീവ്, കേരള മുനിസപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് അസോസിയേഷൻ നേതാവ് വിശ്വനാഥാൻ എന്നിവർ സംസാരിച്ചു.