കൊട്ടാരക്കര: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായ പാറയും മണ്ണും കടത്തിയ വാഹനങ്ങൾ തഹസീൽദാർ പി.ശുഭന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ഇളമാട് തേവന്നൂരിൽ നിന്ന് പാറ കയറ്റിവന്ന രണ്ട് ടിപ്പർ ലോറികൾ പിടികൂടി ചടയമംഗലം പൊലീസിന് കൈമാറി. കൊട്ടാരക്കര ടൗണിൽ അനധികൃതമായി മണ്ണ് കടത്താൻ ശ്രമിച്ച ടിപ്പർ ലോറി പിടികൂടി കൊട്ടാരക്കര പൊലീസിന് കൈമാറി. അമ്പലപ്പുറത്ത് വെട്ടുകല്ല് ഖനനം നടത്തിയ സ്ഥലത്തുനിന്ന് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഭൂമി ഉടമയ്ക്കെതിരെ കേസെടുത്തു. കൊട്ടാരക്കര ഇ.ടി.സിയിൽ നിലം നികത്താൻ മണ്ണിട്ടത് തടഞ്ഞ് ഭൂമി ഉടമയ്ക്കെതിരെ കേസെടുത്തു. ഡെപ്യൂട്ടി തഹസീൽദാർ അജേഷ്, വില്ലേജ് ഓഫീസർമാരായ ജലജ, ഷിബു, ഉദ്യോഗസ്ഥരായ രാജീവ്, സന്തോഷ്, മനോജ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.