കൊല്ലം: കഥകളി പിറന്ന നാട്ടിൽ കഥകളി പഠനകേന്ദ്രമൊരുക്കും. സംസ്ഥാന ബഡ്ജറ്റിൽ 2 കോടി രൂപ നീക്കിവച്ചതോടെ കൊട്ടാരക്കരയുടെ ചിരകാല സ്വപ്നം പൂവണിയും. കൊട്ടാരക്കര തമ്പുരാന്റെ പേരിലാണ് പഠനകേന്ദ്രം നിർമ്മിക്കുക. തമ്പുരാന്റെ പേരിൽ നിലവിൽ സാംസ്കാരിക വകുപ്പിന്റെ കഥകളി മ്യൂസിയമുണ്ടെങ്കിലും സ്വന്തമായി ആസ്ഥാനമില്ലാതെ പ്രവർത്തനം പേരിലൊതുങ്ങുകയാണ്. എന്നാൽ കഥകളി പഠന കേന്ദ്രത്തിന് പട്ടണത്തിൽത്തന്നെ ഭൂമി അനുവദിക്കുംവിധമാണ് ആലോചനകൾ.
ബഡ്ജറ്റിലെ മറ്റ് പദ്ധതികൾ
കൊല്ലം- ചെങ്കോട്ട റോഡിന്റെയും എം.സി റോഡിന്റെയും വികസനത്തിനായി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ 1500 കോടി രൂപയിൽ കൊട്ടാരക്കര പട്ടണത്തിലെ ബൈപ്പാസ് നിർമ്മാണത്തിനടക്കം ഉപ പദ്ധതികൾ തയ്യാറാക്കും. ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന പട്ടണമാണ് കൊട്ടാരക്കര. പുലമൺ കവലയിൽ മേല്പാലം നിർമ്മിക്കണമെന്ന ആശയം കഴിഞ്ഞ സർക്കാർ മുന്നോട്ടുവച്ചിരുന്നുവെങ്കിലും ബൈപ്പാസ് നിർമ്മാണത്തിനാണ് സാദ്ധ്യതകൾ.
കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 4 കോടി രൂപ
താമരക്കുടി ആയുർവേദ ആശുപത്രിയ്ക്ക് കെട്ടിടം നിർമ്മിക്കാൻ 1.5 കോടി രൂപ
നെടുവത്തൂർ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം നിർമ്മിക്കാൻ 1.5 കോടി രൂപ
കൊട്ടാരക്കര മണ്ഡലത്തിലെ പൊതു കുളങ്ങളുടെ നവീകരണത്തിന് 4 കോടി രൂപ
വെളിയം, കുളക്കട, എഴുകോൺ, നെടുവത്തൂർ പഞ്ചായത്ത് കളിസ്ഥലങ്ങൾ, കുഴിമതിക്കാട് ഗവ.എച്ച്.എസ്.എസ് കളിസ്ഥലം എന്നിവയുടെ നവീകരണത്തിന് 5 കോടി രൂപ