കൊല്ലം: ജില്ലയിൽ നിന്നുള്ള ധനമന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റ് ജില്ലയ്ക്ക് നിരാശ മാത്രമാണ് നൽകുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്.
ഉമ്മൻചാണ്ടി സർക്കാർ ജില്ലയ്ക്ക് നൽകിയ ഗവ.മെഡിക്കൽ കോളേജിന് പര്യാപ്തമായ ഫണ്ട് അനുവദിക്കാതെ, സ്വകാര്യ മേഖലയെ സഹായിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങൾക്കും, കെ.എം.എം.എൽ ഉൾപ്പടെയുള്ള പൊതുമേഖലാസ്ഥാപനങ്ങൾക്കും ആവശ്യമായ ഫണ്ട് ബഡ്ജറ്റിൽ നീക്കിവച്ചിട്ടില്ല. മത്സ്യത്തൊഴിലാളി മേഖലയെ സഹായിക്കാനെന്ന പേരിൽ കൊണ്ടു വരുന്ന പദ്ധതികൾ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുന്നത് മുൻകാല അനുഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റിനെ പ്രതീക്ഷാനിർഭരമായിട്ടാണ് ജില്ലയിലെ വ്യാപാരികളും വ്യവസായികളും തൊഴിലാളികളും നോക്കിയിരുന്നതെന്നും എന്നാൽ, തീർത്തും നിരാശയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.