കിഴക്കേക്കല്ലട: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കാൻ ബോർഡ് പ്രതിജ്ഞാബദ്ധമാണന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ചിറ്റുമല ദേവീക്ഷേത്രത്തിൽ നിർമ്മിച്ച അഴിവിളക്കിന്റെയും ബലിക്കൽപ്പുരയുടെയും സമർപ്പണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല ക്ഷേത്രത്തിന് 29 കോടിയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. പൗരാണികതയെ മുൻനിറുത്തി പ്രകൃതിസംരക്ഷണത്തിന് ഊന്നൽ നൽകുന്ന തരത്തിൽ ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കണം. ഇത് ഭക്തരുടെയും ദേവസ്വത്തിന്റെയും പൂർണ്ണ സഹകരണത്തോടെ നടപ്പാക്കും. മനോഹരമായ ചിറ്റുമലക്കുന്നിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസം നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപദേശക സമിതി പ്രസിഡന്റ് കെ.ആർ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രദീപ പ്രകാശനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവ്വഹിച്ചു. വിശിഷ്ട വ്യക്തികളെ ആദരിക്കൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയും ദേവീ ഭക്തിഗാന പ്രകാശനം ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശും നിർവ്വഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു വിശിഷ്ടാതിഥിയായിരുന്നു, ദേവസ്വം ചീഫ് എൻജിനീയർമാരായ ജി.കൃഷ്ണകുമാർ, ആർ.അജിത്ത് കുമാർ, എം.വിജയൻ പിള്ള, എ.ജി.ശശിധരൻനായർ, ജയദേവി മോഹൻ, ഉമാദേവിയമ്മ, വി.സുനിൽകുമാർ, സുഷമ, കാവേരി, ബി.ദിലീപ് കുമാർ, രമേഷ് കുമാർ, ദേവീദാസ് ഭട്ടതിരി, സുന്ദർ റാം തുടങ്ങിയവർ സംസാരിച്ചു. ഷിബു വടക്കടത്ത് സ്വാഗതവും, രാജേഷ് നന്ദിയും പറഞ്ഞു.