photo
വർഷങ്ങളായി തകർന്ന് കിടക്കുന്ന കരുനാഗപ്പള്ളി - കല്ലുമൂട്ടിൽക്കടവ് റോഡ്.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി - കല്ലുംമൂട്ടിൽക്കടവ് റോഡിന്റെ പുനർ നിർമ്മാണം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടെണ്ടർ നടപടി പൂർത്തിയായി രണ്ട് മാസം പിന്നിടുമ്പോഴും റോഡിന്റെ പ്രാരംഭ നിർമ്മാണം പോലും ആരംഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. റോഡിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങളിൽപ്പെട്ട് ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ വീണ് പരിക്കേൽക്കുന്നത് പതിവ് കാഴ്ചയാണ്.

എസ്റ്റിമേറ്ര് തുക വർദ്ധിപ്പിച്ചിട്ടും പരിഹാരമില്ല

വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ സമരങ്ങൾ സംഘടിപ്പിക്കുകയും ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഒരു വർഷത്തിന് മുമ്പ് റോഡിന്റെ നവീകരണത്തിനായി 2.10 കോടി രൂപ അനുവദിച്ച് ടെണ്ടർ വിളിച്ചത്. എന്നാൽ ഈ എസ്റ്റിമേറ്ര് തുക കൊണ്ട് റോഡിന്റെ പണി പൂർത്തിയാക്കാൻ കഴിയില്ലെന്ന് കരാറുകാർ പറയുകയും ടെണ്ടർ നടപടികളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. തുടർന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും തുക വർദ്ധിപ്പിച്ച് ടെണ്ടർ വിളിച്ചു. എന്നിട്ടും പണികൾ ഇനിയും ആരംഭിച്ചിട്ടില്ല. ഇപ്പോൾ നിർമ്മാണം തുടങ്ങിയെങ്കിൽ മാത്രമേ കാലവർഷത്തിന് മുമ്പ് പൂർത്തിയാക്കാൻ കഴിയു.

തീര പ്രദേശങ്ങളെ ടൗണുമായി ബന്ധിപ്പിക്കുന്ന റോഡ്

കരുനാഗപ്പള്ളിയുടെ പടിഞ്ഞാറൻ തീര പ്രദേശങ്ങളെ കരുനാഗപ്പള്ളി ടൗണുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. 16 വർഷം മുമ്പ് സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ചാണ് റോഡ് പുനർ നിർമ്മിച്ചത്. ആലപ്പാട് ഗ്രാമപഞ്ചായത്തിലേക്ക് കടക്കുന്നതിനുള്ള കവാടം കൂടിയാണ് ഈ റോഡ്. കരുനാഗപ്പള്ളിയിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലുംമൂട്ടിക്കടവിൽ എത്താം. ഇവിടെ നിന്നാണ് ആലപ്പാട്ടേക്ക് കടക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കരുനാഗപ്പള്ളി താലൂക്കിൽ ആദ്യമായി നിർമ്മിച്ച റോഡാണിത്.

അറ്റകുറ്റപണികൾ നടത്തിയിട്ടില്ല

16 വർഷത്തിനിടെ റോഡിൽ ഒരിക്കൽ പോലും അറ്റകുറ്റപണികൾ നടത്തിയിരുന്നില്ല. തകർന്ന ഭാഗങ്ങൾ പോലും അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചിട്ടില്ല. കായംകുളം മത്സ്യബന്ധന തുറമുഖത്തേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്നത് ഈവഴിയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നാടിന് സമർപ്പിച്ച വലിയഴീക്കൽ പാലം പ്രവർത്തന സജ്ജമായതോടെ കല്ലുമൂട്ടിൽടവ് റോഡിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. തോട്ടപ്പള്ളിയിൽ നിന്ന് യാത്രക്കാർക്ക് തീരദേശ റോഡ് മാർഗം എളുപ്പത്തിൽ കരുനാഗപ്പള്ളി ടൗണിൽ എത്താൻ കഴിയും.