 
കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗ നേതൃത്വത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ സമുദായം ഒറ്റക്കെട്ടായി നേരിടുമെന്ന് എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പ്രസിഡന്റും സെക്രട്ടറി ഇൻ ചാർജുമായ ഡി. ചന്ദ്രബോസ് അഭിപ്രായപ്പെട്ടു. കടയ്ക്കൽ യൂണിയൻ പ്രസിഡന്റും വ്യവസായ പ്രമുഖനുമായിരുന്ന പച്ചയിൽ ശശിധരന്റെ 10 -ാം ചരമവാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ അവാർഡ് വിതരണം, എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് വാങ്ങിയ കുട്ടികളെ ആദരിക്കൽ, മികച്ച വില്ലേജ് ഓഫീസർ അവാർഡ് വാങ്ങിയ ടി. രതീഷ്, ഗിന്നസ് വേൾഡ് റെക്കാഡ് ജേതാക്കളായ ശാന്തി സത്യൻ, ഫ്ലോട്ടിംഗ് പത്മാസനത്തിൽ ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് ജേതാവ് നദിയാ ബിനോയ്, ആർട്ടിസ്റ്റ് പുഷ്പൻ എന്നിവരെ യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ ആദരിച്ചു. മാറുന്ന വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ മാദ്ധ്യമ പ്രവർത്തകൻ ഡോ. അരുൺകുമാർ ക്ലാസ് എടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേം രാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അജിത, പി.കെ. സുമേഷ്, പാങ്ങലുകാട് ശശിധരൻ, എസ്. വിജയൻ, അമ്പിളിദാസ്, എസ്. സുധാകരൻ, കെ. എം. മാധുരി, വിജയമ്മ, സുധർമ്മ കുമാരി, അഡ്വ. ശ്രീ രാജ്, രാഹുൽ രാജ്, റീസൻ എന്നിവർ സംസാരിച്ചു.