കൊല്ലം: പാൽക്കുളങ്ങര മാക്രിയില്ലാക്കുളം ഓടപ്പുറത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയുടെ ആഡംബര ബൈക്ക് മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ കെ.ആർ നഗർ 69 (എ) എസ്.പി ഭവനിൽ പ്രണവ് (18) ആണ് പിടിയിലായത്.
ബൈക്കിന്റെ പൂട്ട് അറുത്ത് മാറ്റിയാണ് കവർന്നത്. പ്രദേശത്തെ സി.സി.ടി.വി കാമറകളും റോഡിലെ സുരക്ഷാ കാമറകളും പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രണവിനെ പാൽക്കുളങ്ങരയിൽ നിന്നു പിടികൂടുകയായിരുന്നു. ബൈക്ക് മോഷണം സംബന്ധിച്ച് ഇന്റർനെറ്റിൽ നിന്നാണ് ഇയാൾ വിവരങ്ങൾ മനസിലാക്കിയത്. മോഷ്ടിച്ച ബൈക്ക് കണ്ടച്ചിറയ്ക്ക് സമീപമുളള ഒഴിഞ്ഞ പുരയിടത്തിൽ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. ആർഭാട ജീവിതത്തിന് പണം കണ്ടെത്താനാണ് ബൈക്ക് മോഷ്ടിച്ചതെന്ന് പ്രണവ് പൊലീസിനോട് വെളിപ്പെടുത്തി.