പുനലൂർ: കിഴക്കൻ മലയോര മേഖയിലെ അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രങ്ങളെ സർക്കാർ തീർത്ഥാടന സർക്യൂട്ടിൽ ഉൾപ്പെടുത്തുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.
സ്ഥലം എം.എൽ.എയായ പി.എസ്.സുപാൽ മണ്ഡലത്തിലെ മൂന്ന് ക്ഷേത്രങ്ങളെയും തീർത്ഥാടന സർക്യൂട്ടിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നു. തുടർന്നാണ്ബഡ്ജറ്റിൽ പ്രഖ്യാപനം ഉണ്ടായത്.
ബഡ്ജറ്റിലെ മറ്റ് പദ്ധതികൾ
പുനലൂർ ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണത്തിനായി 1.5കോടി രൂപയുടെ അടങ്കൽ തുക വയ്ക്കുകയും, 30ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. പുനലൂർ ബൈപ്പാസ് നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാൻ 25 കോടിയുടെ അടങ്കൽ തുകയും മധുരപ്പാ-വയ്ക്കൽറോഡ് നിർമ്മാണങ്ങൾക്ക് ആറ് കോടിയും അച്ചൻകോവിൽ റസ്റ്റ് ഹൗസ് നിർമ്മാണത്തിന് രണ്ട് കോടിയും,പുനലൂർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിട നിർമ്മാണത്തിന് 5കോടിയും പുനലൂർ മൃഗാശുപത്രി കെട്ടിടം പണിയാൻ 3കോടിയും വിളക്കുപാറ-മാവിള- തടിക്കാട് റോഡിന് പത്ത് കോടിയും പുനലൂർ-കക്കോട്-ചെങ്കുളം റോഡിന് 7കോടിയുമടക്കം നിരവധി റോഡുകൾക്കും ബഡ്ജറ്റിൽ തുക വകയിരുത്തി ടോക്കൻ അഡ്വാൻസ് വച്ചെന്ന് പി.എസ്.സുപാൽ എം.എൽ.എയുടെ ഓഫീസ് അറിയിച്ചു.