ഓച്ചിറ: പൊലീസിന്റെ അവസരോചിതമായ ഇടപെടലിൽ വീട്ടമ്മയുടെ മണ്ണിൽ കുഴിച്ചിട്ട സമ്പാദ്യം തിരികെ ലഭിച്ചു. ഓച്ചിറ ചങ്ങൻകുളങ്ങര കൊയ്പ്പള്ളി മഠത്തിൽ അജിതകുമാരിയുടെ (63) സമ്പാദ്യമാണ് തിരികെ ലഭിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ വീട്ടമ്മ ബന്ധുവീട്ടിലേക്ക് പോയപ്പോൾ 20 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും ഐ .ഡി കാർഡുകളും വീട്ടു പറമ്പിൽ കുഴിച്ചിട്ടു. തിരികെയെത്തിയപ്പോൾ കൊവിഡ് കാരണം ക്വാറന്റൈനിലായി. കഴിഞ്ഞ ദിവസമാണ് വീട്ടമ്മയ്ക്ക് തന്റെ സമ്പാദ്യങ്ങൾ കുഴിച്ചിട്ട കാര്യം ഓർമ്മ വന്നത്. കുറെ ഏറെ തിരഞ്ഞെങ്കിലും ലഭിച്ചില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു .
പരാതിയെ തുടർന്ന് സ്റ്റേഷൻ പി. ആർ. ഒ. നൗഷാദ്, ഹോംഗാർഡ് സുകുമാരൻ എന്നിവർ ചേർന്ന് പറമ്പിന്റെ പല ഭാഗങ്ങളും കിളച്ചു നോക്കി സ്വർണവും പണവും കണ്ടെടുത്തു. വീട്ടമ്മയ്ക്ക്
കൈമാറി. 15000 രൂപ മണ്ണു കയറി നശിച്ച നിലയിലായിരുന്നു.