
കൊല്ലം: നവീകരണം പൂർത്തിയാകുന്ന കൊല്ലം - പുനലൂർ റെയിൽവേ ലൈനിൽ റെയിൽവേ സേഫ്ടി കമ്മിഷണറുടെ പരിശോധന 21ന് നടക്കും.19നാണ് പരീക്ഷണ ഓട്ടം. ബംഗളൂരു സതേൺ സർക്കിൾ സേഫ്ടി കമ്മിഷണർ അബായ കുമാർ റായിയാണ് പരശോധനയ്ക്കെത്തുന്നത്.
രാവിലെ കൊല്ലത്തെത്തുന്ന അദ്ദേഹം ഇലക്ട്രിക് പാത പരിശോധിക്കും. സേഫ്ടി കമ്മിഷണറുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും ട്രെയിനുകൾ ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ മധുര ഡിവിഷൻ ഒരുക്കുക. മാർച്ച് 31ന് മുമ്പ് ഇലക്ട്രിക് ട്രെയിനുകൾ ഓടിത്തുടങ്ങണമെന്നാണ് റെയിൽവേയുടെ കർശന നിർദേശം.
അവശേഷിക്കുന്ന ജോലികൾ, പരിശോധനയ്ക്ക് മുമ്പ് തീർക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതീകരണ വിഭാഗം. പുനലൂർ മുതൽ കൊല്ലം വരെയുള്ള വൈദ്യുതീകരണ ജോലികളുടെ പുരോഗതി റെയിൽവേ ദക്ഷിണ മേഖലാ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിഫിക്കേഷൻ എൻജിനിയർ മേത്തയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.
സേഫ്ടി കമ്മിഷണറുടെ പരിശോധനയ്ക്ക് മുമ്പ് മരം മുറിക്കൽ ജോലികൾ തീരില്ല. വനം വകുപ്പിന്റെ അനുമതി ലഭിച്ചെങ്കിലും 4,038 മരങ്ങളാണ് മുറിച്ചുനീക്കേണ്ടത്. ഇതിന്റെ കരാർ നടപടികൾ പുരോഗമിക്കുകയാണ്.