 
കുന്നിക്കോട് : മക്കൾ സംരക്ഷിക്കാത്തതിനെ തുടർന്ന് വൃദ്ധ മാതാവ് റബർ തോട്ടത്തിൽ അഭയം തേടി. വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഇളമ്പൽ ചീയോട് ചെമ്പുമലയിലെ റബർ തോട്ടത്തിലാണ് രണ്ടാഴ്ചയിലേറെയായി വൃദ്ധ കഴിഞ്ഞത്.
അഞ്ച് മക്കളുടെ മാതാവായ ജാനകിക്കാണ് (80) ഈ ദുർവിധിയുണ്ടായത്. റബർ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളായിരുന്നു തങ്ങൾക്ക് കഴിക്കാൻ കൊണ്ടുവന്നിരുന്ന ഭക്ഷണത്തിൽ നിന്ന് ഒരു പങ്ക് ജാനകിക്ക് കഴിക്കാൻ നൽകിയത്. മലമുകളിൽ ഒറ്റക്കായിപ്പോയ ജാനകി മിക്ക രാത്രികളിലും പേടിച്ച് ഉറങ്ങാതെ നേരം വെളുപ്പിക്കുകയായിരുന്നു. ദിവസം കഴിയുംതോറും ജാനകിയുടെ ആരോഗ്യ സ്ഥിതി മോശമാകുന്നുണ്ടെന്ന് മനസിലാക്കിയ തൊഴിലാളികൾ, പതിനാലാം വാർഡംഗം റെജീന തോമസിനെ വിവരം അറിയിക്കുകയായിരുന്നു. വാർഡംഗത്തിന്റെ നേതൃത്വത്തിൽ വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോടും, ഗ്രാമപഞ്ചായത്തംഗം ആശാ ബിജുവും, കോൺഗ്രസ് വിളക്കുടി മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീനും, വിളക്കുടി ഗ്രാമപഞ്ചായത്ത് ആംബുലൻസ് ഡ്രൈവർ ഈസയും സ്ഥലത്തെത്തി. തുടർന്ന് തൊഴിലാളികളുടെ സഹായത്തോടെ വയോധികയെ തോളിൽ ചുമന്നാണ് മലമുകളിൽ നിന്ന് റോഡിലെത്തിച്ചത്. കുന്നിക്കോട് എസ്.എച്ച്.ഒ. പി.ഐ. മുബാറക്കിന്റെ നിർദ്ദേശപ്രകാരം വനിത സി.പി.ഒ. മറിയക്കുട്ടിയും സ്ഥലത്തെത്തി. തുടർന്ന് വയോധികയുടെ സംരക്ഷണം പത്തനാപുരം ഗാന്ധിഭവന് കൈമാറി.