cashew

കൊല്ലം: പൂട്ടിക്കിടക്കുന്ന 700 ഓളം സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ തുറക്കാൻ ബഡ്ജറ്റിൽ പദ്ധതികളില്ലെന്നും തൊഴിലാളികളെ സർക്കാർ വഞ്ചിക്കുകയാണെന്നും ഓൾ കേരളാ കാഷ്യു നട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കൊല്ലത്തിന്റെ തനത് വ്യവസായത്തിന്റെ തകർച്ചയ്ക്ക് പരിഹാരം കാണാൻ ധനമന്ത്രിക്ക് കഴിയാത്തതിൽ കമ്മിറ്റി പ്രതിഷേധിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും കശുഅണ്ടി തൊഴിലാളി ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റുമായ എ.എ. അസീസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സജി.ഡി. ആനന്ദ്, ടി.സി. വിജയൻ, ഇടവനശേരി സുരേന്ദ്രൻ, ജി. വേണുഗോപാൽ, ടി.കെ. സുൽഫി, വെളിയം ഉദയകുമാർ, എൽ. ബീന എന്നിവർ സംസാരിച്ചു. 23ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്താനും യോഗം തീരുമാനിച്ചു.