mvd

കൊല്ലം: വാഹനാപകട പരിശോധനാ ചുമതലകൂടി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒമാർക്ക് നൽകിയതോടെ വാഹന പരിശോധനയടക്കമുള്ള സേഫ് കേരളാ പദ്ധതിയുടെ പ്രവർത്തനം താളംതെറ്റുന്നു.

ഈ മാസം ഒന്ന് മുതലാണ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒമാർക്ക് അധിക ചുമതല നൽകിയത്. വിവിധ സ്റ്റേഷൻ പരിധികളിലെ അപകടങ്ങൾ നേരിട്ട് വിലയിരുത്താൻ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾക്കാണ് ചുമതല. അപകടങ്ങൾ കൂടുതലുള്ള ദേശീയപാത, എം.സി റോഡ് എന്നിവിടങ്ങളിലെ സ്ക്വാഡുകൾക്ക് ഏഴ് വീതം പൊലീസ് സ്റ്റേഷൻ പരിധികളാണ് നിശ്ചയിച്ചിട്ടുള്ളത്.

മിക്ക സ്റ്റേഷനുകളിലും എല്ലാ ദിവസവും അപകടങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനാൽ എല്ലായിടത്തും ഓടിയെത്തി റിപ്പോർട്ട് തയ്യാറാക്കുക വെല്ലുവിളിയാണ്. നേരത്തെ അതാത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് റിപ്പോർട്ട് തയ്യാറാക്കി ആർ.ടി ഓഫീസുകൾക്ക് നൽകിയിരുന്നത്. ഇതുമൂലം അപകടത്തിൽപ്പെട്ട വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് ഉടമകൾക്ക് കാലതാമസം നേരിട്ടിരുന്നു.

ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം നടപടി ക്രമങ്ങൾ വേഗത്തിലാക്കാമെന്ന ലക്ഷ്യത്തോടെയാണ് അധിക ചുമതല നൽകിയതെങ്കിലും വിപരീതഫലമാണ് സൃഷ്ടിച്ചത്.

അപകട റിപ്പോർട്ടിലൊതുങ്ങി പ്രവർത്തനം

1. സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള വാഹനപരിശോധന, ബോധവത്കരണം, പരിശീലനം എന്നിവയ്ക്ക് തടസം

2. നാലോളം ഇൻസ്‌പെക്ടർമാർ ചെയ്തിരുന്ന നടപടികൾ ഒരാളിലേക്ക് ചുരുങ്ങി

3. ഓരോ ദിവസവും നടക്കുന്ന അപകടങ്ങളുടെ റിപ്പോർട്ട് അതാത് ദിവസം പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥ

4. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നിലയ്ക്കാൻ സാദ്ധ്യത

5. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം അപകട റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്ക് മാത്രമായി ചുരുങ്ങി

6. റോഡുകളിലെ വാഹനപരിശോധന, ഇന്റർസെപ്ടർ, വേഗ നിയന്ത്രണ പരിശോധന എന്നിവ നിലച്ചു

7. പിഴയീടാക്കൽ ഉൾപ്പെടെയുള്ള നിയമനടപടികളും തടസപ്പെട്ടു

അധിക ചുമതലകൾ

1. ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ കൺവീനർ
2. ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള അധികാരം
3. അപകട പരിശോധനയുമായി ബന്ധപ്പെട്ട ചുമതല
4. പരിശോധന നടത്താൻ എൻഫോഴ്‌സ്‌മെന്റ് വിംഗ് ഉദ്യോഗസ്ഥരെ നിയമിക്കൽ

പ്രവർത്തനം 24 മണിക്കൂർ

പ്രവർത്തനം 24 മണിക്കൂറാണെങ്കിലും അപകടത്തിൽപ്പെട്ട വാഹനങ്ങൾക്ക് സേവനം ലഭ്യമാകില്ല. പകൽ വെളിച്ചത്തിലേ അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പരിശോധന നടത്താൻ പാടുള്ളൂവെന്നാണ് കോടതി ഉത്തരവ്.

എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ആസ്ഥാനം: കൊട്ടാരക്കര

എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ: 01

സ്‌ക്വാഡുകൾ: 07

പൊലീസ് സ്റ്റേഷനുകൾ: 35

''''

ആർ.ടി.ഒമാർക്ക് നൽകിയിട്ടുള്ള അധിക ചുമതല പ്രവർത്തനത്തെ ബാധിച്ചു. അപകട വിവരങ്ങൾ അതാത് ദിവസം റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.

ആർ.ടി.ഒ അധികൃതർ