 
പടിഞ്ഞാറേകല്ലട : വേനൽചൂട് കടുത്തതോടെ ശാസ്താംകോട്ട തടാക തീരത്തും പരിസരത്തും തീപിടിത്തം പതിവാകുന്നു. കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ പൊലീസ് സ്റ്റേഷന് സമീപത്തെ കായലിനോട് ചേർന്നുള്ള കാടുകൾക്ക് തീപടർന്ന് പിടിച്ചു. ശാസ്താംകോട്ടയിലെ ഫയർഫോഴ്സ് എത്തിയ ശേഷമാണ് തീയണയ്ക്കാൻ കഴിഞ്ഞത്. ഒന്നരമാസത്തിനുള്ളിൽ പത്തിൽപ്പരം തീപിടിത്തമാണ് ഇവിടെ നടന്നത്. അടിക്കടി ഉണ്ടാകുന്ന തീപിടിത്തം ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേസിൽപ്പെട്ട വാഹനങ്ങൾ സുരക്ഷിതമാക്കണം
ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ , സിവിൽ സ്റ്റേഷൻ ,കോടതി എന്നിവയുടെ പരിസരങ്ങളിലായി കേസിൽപ്പെട്ട നിരവധി വാഹനങ്ങളാണ് വർഷങ്ങളായി നശിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളോട് ചേർന്നുകിടന്ന് നശിയ്ക്കുന്ന ഇത്തരം വാഹനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക്മാറ്റിയാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാം. നാലുവർഷം മുമ്പ് ഉണ്ടായ തീപ്പിടിത്തത്തിൽ പൊലീസ് സ്റ്റേഷൻ പരിസരത്തെ നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയായത്.
കാടുകളുള്ള സ്ഥലങ്ങളിൽ വീടുകളുടേയോ മറ്റ് സ്ഥാപനങ്ങളുടേയോസമീപത്തായി ഫയർ ബ്രേക്ക് അഥവാ ഫയർ ബെൽറ്റ് നിർമ്മിക്കണം. ഒന്നര മീറ്റർ വീതിയിൽ പുരയിടത്തിൽ നീളത്തിൽ ആ സ്ഥലത്തെ പുല്ല് പൂർണമായും ചെത്തി വൃത്തിയാക്കി തീപിടുത്തത്തിനുള്ള സാദ്ധ്യത കുറയ്ക്കുക എന്നതാണ് മറ്റൊരു വഴി. മിക്ക തീപിടിത്തങ്ങളും കത്തിച്ച സിഗരറ്റ് കുറ്റികളിൽ നിന്നോ തീപ്പെട്ടി ഉരച്ചിടുന്നതിൽ നിന്നോ ആണുണ്ടാകുന്നത്.എല്ലാ സർക്കാർ ഓഫീസുകൾക്കും തീപിടുത്തത്തിനെതിരെ എടുക്കേണ്ട മുൻകരുതലിനെ കുറിച്ച് അഗ്നിരക്ഷാസേന കത്ത് നൽകിയിട്ടുണ്ട് .
പി. എസ്.സാബു ലാൽ
സ്റ്റേഷൻ ഓഫീസർ ,
അഗ്നി രക്ഷാ നിലയം . ശാസ്താംകോട്ട .