miniing

കൊല്ലം: സർക്കാർ കെട്ടിടങ്ങൾ ഒഴിഞ്ഞുകിടന്നിട്ടും വർഷങ്ങളായി വാടക കെട്ടിടത്തിൽ കഴിയാനാണ് ഖനന ഭൂവിജ്ഞാന (മൈനിംഗ് ആൻഡ് ജിയോളജി) വകുപ്പിന്റെ ജില്ലാ ഓഫീസിന്റെ വിധി.

പ്രതിമാസം പതിനായിരത്തോളം രൂപ വാടകയിനത്തിലും 5000ത്തിലധികം രൂപ മറ്റിനത്തിലും ചെലവഴിച്ചാണ് ആശ്രാമത്ത് ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. ചുവരുകളും മേൽക്കൂരയുമെല്ലാം തകർന്നിട്ടും സ്വന്തം കെട്ടിടത്തിലേക്ക് മാറാനോ മാറ്റാനോ അധികൃതരും ശ്രമിക്കുന്നില്ല.

താലൂക്ക് ഓഫീസ് സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന സബ് ട്രഷറി ഓഫീസ് മാറ്റി സ്ഥാപിച്ചതോടെ ഇവിടം ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് മാറാനായി വകുപ്പ് അധികൃതർ ശ്രമിച്ചെങ്കിലും ഇതുവരെ സാദ്ധ്യമായിട്ടില്ല. മഴപെയ്താൽ ചോർന്നൊലിക്കുകയും വനിതാജീവനക്കരടക്കമുള്ളവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും തടസമായിട്ടുള്ള വാടക കെട്ടിടത്തിൽ നിന്ന് മാറാൻ ഇനിയും കാത്തിരിക്കണമെന്ന അവസ്ഥയാണുള്ളത്.

തടസം സൃഷ്ടിച്ച് വൈകിപ്പിക്കൽ തന്ത്രം

1. സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം വിട്ടുനൽകാൻ അധികൃതർ ശ്രമിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് വൈദ്യുതീകരണത്തിന്റെ പേരിൽ തടസം സൃഷ്ടിച്ചു

2. എസ്റ്റിമേറ്റെടുക്കലും മറ്റും തകൃതിയായി നടന്നെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ കൈമാറ്റം നീളുകയാണ്

3. പിന്നീട് സിഡ്കോ വൈദ്യുതീകരണം നടത്താമെന്ന് അറിയിക്കുകയും എസ്റ്റിമേറ്റ് ഏറ്റെടുക്കുകയും ചെയ്തു

4. ഇതേ ഓഫീസ് കെട്ടിടം കിഫ്‌ബി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ലഭ്യമാകാൻ കാലതാമസമുണ്ടാകുമെന്ന കാരണത്താൽ ഉപേക്ഷിച്ചു

""

സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തി വൈദ്യുതീകരണം പൂർത്തീകരിച്ച് ഏപ്രിൽ അവസാനത്തോടെ വകുപ്പിന് കൈമാറും.

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ