
കൊല്ലം: കടലിൽ മത്സ്യത്തൊഴിലാളികൾ അപകടങ്ങളിൽപ്പെടുന്ന സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തന മോക്ഡ്രിൽ നടത്തി. കൊല്ലം സിറ്റി പൊലീസ്, ജില്ലാ ആരോഗ്യ വകുപ്പ്, ഫയർ ആൻഡ് റസ്‌ക്യൂ സർവീസ്, ഫിഷറീസ് വകുപ്പ്, കടലോര ജാഗ്രതാ സമിതി എന്നിവർ സംയുക്തമായാണ് തീരദേശത്ത് മോക്ഡ്രിൽ നടത്തിയത്.
കൊല്ലം തീരത്ത് നിന്നും 6 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കടലിൽ അപകടത്തിൽപ്പെട്ട വള്ളത്തിൽ നിന്ന് കടലിലേക്ക് തെറിച്ചുവീണ മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസ് ഇന്റർസെപ്ടർ ബോട്ടായ യോദ്ധ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നൽകി കരയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കി. അപകടത്തിൽപ്പെട്ട വള്ളം ഫിഷറീസ് ബോട്ട് കെട്ടിവലിച്ച് കരയിലെത്തിച്ചു. അഗ്നിരക്ഷാസേന, ആരോഗ്യ വകുപ്പ് എന്നിവർ കരയിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. നീണ്ടകരയ്ക്ക് പടിഞ്ഞാറ് 5 നോട്ടിക്കൽ മൈൽ അകലെ ഹൃദയാഘാതം സംഭവിച്ച മത്സ്യത്തൊഴിലാളിയെ നീണ്ടകര കോസ്റ്റൽ പൊലീസ് ദർശനാ ബോട്ടിൽ ശക്തികുളങ്ങര ഹാർബറിലെത്തിക്കുന്നതും നീണ്ടകര താലൂക്ക് ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതും ഇതോടൊപ്പം നടത്തി.
സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, അഡീ. എസ്.പി ജോസി ചെറിയാൻ, എ.സി.പിമാരായ ജി.ഡി. വിജയകുമാർ, എ. പ്രതീപ് കുമാർ, ഇൻസ്‌പെക്ടർമാരായ ബിജു, ഫയാസ്, ആർ. രാജേഷ്, എസ്.എസ്. ബൈജു, എസ്.ഐമാരായ സ്റ്റെപ്റ്റോ ജോൺ, ആർ.ആർ. രാഹുൽ, എം.സി. പ്രശാന്തൻ, ബാബുജി, എം.ജി. അനിൽ, സൻജയൻ, എസ്. മധു, അശോകൻ, ആർ.എം.ഒ. ഡോ. അനുരൂപ്, ഡോ. നോയൽ, കോസ്റ്റൽ വാർഡൻമാർ, ബോട്ട് സ്റ്റാഫുകൾ എന്നിവർ മോക്ഡ്രില്ലിൽ പങ്കെടുത്തു. തുടർന്ന് രക്ഷാപ്രവർത്തനത്തെക്കുറിച്ച് അഡീ. എസ്.പി ജോസി ചെറിയാൻ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി.