 
കുന്നത്തൂർ : ദിവസങ്ങൾക്കു മുമ്പ് അപ്രതീക്ഷിതമായി പിടിപെട്ട രോഗം സ്വകാര്യ ബസ് കണ്ടക്ടറായ യുവാവിന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. കൊട്ടാരക്കര - കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ശൂരനാട് തെക്ക് പതാരം കിടങ്ങയം നടുവിൽ വിഷ്ണു വിഹാറിൽ സി.കെ .സൂരജ് (27) പ്രമേഹം ബാധിച്ചതിനെ തുടർന്നാണ് സുമനസുകളുടെ സഹായം തേടുന്നത്. കാലിന്റെ പാദം വിണ്ടുകീറിയതിനെ തുടർന്ന് ബ്ലെയ്ഡ് ഉപയോഗിച്ച് അഴുക്ക് കളഞ്ഞതാണ് വിനയായത്. മുറിവേറ്റതിനെ തുടർന്ന് കാലിൽ പഴുപ്പുണ്ടായി.തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രമേഹം കലശലായെന്നും ഇതാണ് കാലിൽ പഴുപ്പുണ്ടാകാൻ കാരണമെന്നും അറിഞ്ഞത്.സൂരജിന് മുൻപ് പ്രമേഹരോഗം ഉണ്ടായിരുന്നില്ല.ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇരുകാലുകളിലും പഴുപ്പ് ബാധിക്കുകയും ചികിത്സ ബുദ്ധിമുട്ടാകുകയും ചെയ്തു. കാൽ നിലത്ത് കുത്താൻ വയ്യാത്ത അവസ്ഥയിൽ കിടക്കയിൽ കിടന്ന് കണ്ണീർ വാർക്കുകയാണ് ഈ യുവാവ്. ഈ അവസ്ഥയിൽ തുടർ ചികിത്സ ബുദ്ധിമുട്ടാണെന്ന് മെഡിക്കൽ കോളേജിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക് സൂരജിനെ മാറ്റി..വലിയൊരു തുക തന്നെ ചികിത്സയ്ക്ക് വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.എന്നാൽ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട സൂരജിന്റെ തണലിൽ വളരുന്ന അനുജന് ചികിത്സയ്ക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന് യാതൊരു നിശ്ചയവുമില്ല. കനിവുള്ളവർ സഹായിച്ചാൽ സൂരജിന് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയും. ഇതിനായി ഗ്രാമീൺ ബാങ്കിന്റെ ആനയടി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.എ.സി നമ്പർ:4075110050561.ഐഎഫ്സി: കെഎൽജിബി 0040751.ഗൂഗിൾ പേ: 9526993314.