കൊല്ലം: കൊല്ലത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബഡ്ജറ്റിലുളളതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജി​ല്ലയി​ലെ പ്രധാന പരമ്പരാഗത വ്യവസായമായ കശുഅണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് 95 കോടിയിൽപരം രൂപ മാറ്റിവച്ചു. സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ വലിയ സാമ്പത്തിക ബാദ്ധ്യതയിലാണ്. സ്വകാര്യ മേഖലയിൽ വ്യവസായം നടത്തുന്നവരുടെ ബാങ്ക് വായ്പകൾക്ക് പലിശ ഇളവിനും തൊഴിലാളികളെ സഹായിക്കാനുമായി 30 കോടി രൂപ ബ‌ഡ്ജറ്റിലുണ്ട്. ഐ.ടി മേഖലയുടെ വളർച്ചയാണ് കൊല്ലത്ത് വരാൻ പോകുന്ന വലിയ മാറ്റം. കൊല്ലം മീറ്റർ കമ്പനിയിൽ ആരംഭിക്കുന്ന ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കിന്റെ പൈലറ്റ് പ്രോജക്ട് ഒട്ടേറെ യുവസംരംഭകർക്ക് പ്രചോദനമാകും.

കൊല്ലം തുറമുഖത്ത് കൂടുതൽ ചരക്കുകപ്പലുകൾ എത്തണം. തിരിച്ചു പോകുന്ന കപ്പലുകൾക്ക് ചരക്കു ലഭിക്കാത്ത പ്രശ്നം പരിഹരിക്കാൻ കൂടുതൽ ഇൻസെന്റീവുകൾ നൽകും. രണ്ടു തുറമുഖങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊല്ലം തുറമുഖ വികസനത്തിനായി 10 കോടി വേറെയുമുണ്ട്. നിലവിലുളള കൊല്ലം- ചെങ്കോട്ട് റോഡും എം.സി റോഡുമാണ് വികസിപ്പിക്കുന്നത്. കൂടാതെ ദേശിയപാത 66 വികസനവും യാഥാർത്ഥ്യമാക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാന മന്ദിരവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതോടെ വിദ്യാഭ്യാസ രംഗത്തും വലിയ വളർച്ച ജില്ലയ്ക്ക് നേടാനാവുമെന്ന് മന്ത്രി​ പറഞ്ഞു.