
കൊല്ലം: അറ്റകുറ്റപ്പണികൾക്കായി പാലവും റോഡുകളും അടയ്ക്കുകയും ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിക്കുകയും ചെയ്തതിനെ തുടർന്ന് ഗതാഗതകുരുക്ക് രൂക്ഷമായിട്ടും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ ട്രാഫിക് പൊലീസും അധികൃതരും.
കമ്മിഷണർ ഓഫീസ് മേൽപാലം അടച്ചതോടെ ചിന്നക്കട എസ്.എം.പി റെയിൽവേ ഗേറ്റിന് മുൻവശം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഗേറ്റ് അടയ്ക്കുകകൂടി ചെയ്‌താൽ പറയുകയും വേണ്. കാൽനട യാത്രക്കാരുൾപ്പെടെ ആർക്കും അങ്ങോട്ടും ഇങ്ങോട്ടും പോകാനാകാത്ത അവസ്ഥയാകും. ഇവിടെനിന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് യാത്രചെയ്യണമെങ്കിൽ കോൺവെന്റ് ജംഗ്‌ഷനിലെത്തി യു ടേൺ കടന്ന് പാലം കയറിവേണം യാത്ര ചെയ്യാൻ. നിസാരമായ രീതിയിൽ ഗതാഗതക്രമീകരണം നടത്താമെന്നിരിക്കെ, അതിനു ശ്രമിക്കാതെ യാത്രക്കാരെ ഗതാഗതകുരുക്കിലാക്കുകയാണ് അധികൃതർ.
ചിന്നക്കട ക്ളോക്ക് ടവർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കോൺവെന്റ് ജംഗ്‌ഷനിലേക്ക് പോകുന്നതിന് പകരം ട്രാഫിക്ക് റൗണ്ട് ചുറ്റാനുള്ള സാഹചര്യം ഒരുക്കിയാൽ മാത്രം ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. നേരത്തെ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്ന തൊടുന്യായം നിരത്തുകയാണ് അധികൃതർ. ഇവിടെ വാഹനങ്ങൾ തിരിയുന്നതിനായി സിഗ്നൽ സംവിധാനം നേരത്തെ പരീക്ഷിച്ചിരുന്നു. വെറും മൂന്ന് ദിവസം കൊണ്ട് പരാജയമാണെന്ന് വിലയിരുത്തി റോഡ് അടയ്ക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചത്.
 വേണം പോയിന്റ് ഡ്യൂട്ടി
സിഗ്നൽ സംവിധാനത്തിന് പകരം പോയിന്റ് ഡ്യൂട്ടിക്ക് ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗത നിയന്ത്രണം സാദ്ധ്യമാക്കിയാൽ പോലും വാഹനങ്ങൾ ചിന്നക്കടയിൽ മാത്രം ചുറ്റിക്കറങ്ങുന്ന രീതിക്ക് അവസാനമുണ്ടാക്കാൻ കഴിയും. മറ്റു നഗരങ്ങളിൽ നിന്ന് ജില്ലകളിലെ പ്രധാന നഗരത്തിലെത്തുന്ന വാഹനങ്ങൾ എത്രയും വേഗം പുറത്തേക്കെത്തിക്കാനാണ് ഗതാഗത ക്രമീകരണങ്ങൾ നടത്തുന്നതെങ്കിലും കൊല്ലത്ത് നേരെ മറിച്ചാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം.