 
കടയ്ക്കൽ: തെക്കൻ തിരുവിതാംകൂറിന്റെ പൂരം എന്ന് അറിയപ്പെടുന്ന കടയ്ക്കൽ തിരുവാതിരക്ക് സമാപനം. പ്രധാന ഉത്സവദിനമായ ഇന്നലെ ചെറു കുതിര എഴുന്നള്ളിപ്പും കെട്ടുകാഴ്ചകളും സ്റ്റേജ് പരിപാടികളും നടന്നു. തളിയിൽ ക്ഷേത്രത്തിന് സമീപം കെട്ടിയൊരുക്കിയ എടുപ്പ് കുതിരയുടെ ചെറിയ രൂപം ദേവസ്വം ബോർഡ് ശാന്തിക്കാരും ജീവനക്കാരും തോളിലേറ്റി ആൽത്തറമൂട് വഴി ശിവ ക്ഷേത്രം വലംവെച്ച് തിരികെ ദേവീ ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രത്തിലെ പ്രധാന വേദിയിൽ ഓട്ടൻതുള്ളലും ഗാനാമൃതവും നാടൻപാട്ടും അരങ്ങേറി. വൈകിട്ട് 7 മുതൽ വിവിധ കരകളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങൾ ക്ഷേത്ര മൈതാനത്ത് എത്തിച്ചേർന്നു. ആചാര പ്രകാരമുള്ള കുത്തിയോട്ടവും കതിരുകാളകളും ക്ഷേത്രം വലംവച്ചു. കുതിര എഴുന്നള്ളിപ്പ് സമയത്ത് ആകാശത്ത് പുഷ്പവൃഷ്ടിയും നടന്നു.