
ഓടനാവട്ടം: പട്ടിണിയോടും ദുരിതങ്ങളോടും മല്ലടിച്ച് മിസ്റ്റർ കൊല്ലം മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ അനന്ദുവിനെ തേടി സഹായങ്ങളെത്തിത്തുടങ്ങി. 'ഇല്ലായ്മകൾക്ക് നേരെ മസിൽ പെരുപ്പിച്ച് മിസ്റ്റർ കൊല്ലം" എന്ന തലക്കെട്ടിൽ കേരളകൗമുദി നൽകിയ വാർത്തയിലൂടെയാണ് ഓടനാവട്ടം ചെറുകരക്കോണം സ്വദേശി എ.എസ്. അനന്ദുവിന്റെ ജീവിത ദുരിതം നാടറിഞ്ഞത്. ഇതോടെ അനന്ദുവിന്റെ വിജയത്തിന് അഭിനന്ദന പ്രവാഹവും ഒപ്പം സഹായങ്ങളുമെത്തി. കൊട്ടിയം എസ്.എൻ ട്രസ്റ്റ് ഐ.ടി.ഐ പ്രിൻസിപ്പൽ കെ. രാജേന്ദ്രനാണ് ആദ്യ സഹായം എത്തിച്ചത്. അദ്ദേഹം സ്ഥാപക പ്രസിഡന്റായുള്ള കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് നല്ലില യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനന്ദുവിന് സാമ്പത്തിക സഹായവും അനുമോദനവും നൽകി. യൂണിറ്റ് പ്രസിഡന്റ് ടി. അലക്സാണ്ടർ അദ്ധ്യക്ഷനായി. സ്ഥാപക പ്രസിഡന്റ് കെ. രാജേന്ദ്രൻ അനുമോദന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി യോഹന്നാൻകുട്ടി, ട്രഷറർ രഘുനാഥൻ പിള്ള, ജോ. സെക്രട്ടറി സി.ഡി.ജിജിമോൻ, ഓർഗനൈസിംഗ് സെക്രട്ടറി മത്തായിക്കുട്ടി, സാബുകൃഷ്ണ, യൂണിറ്റ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
''''
കേരളകൗമുദി പിന്നാക്ക ജനങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന പത്രമാണെന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴത് ബോദ്ധ്യപ്പെടുകയും ചെയ്തു. വാർത്ത ശ്രദ്ധയിൽപ്പെട്ട നിരവധി സംഘടനകളും സന്മനസുള്ളവരും വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
എ.എസ്. അനന്ദു