
കൊല്ലം: ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്ററുകളുടെ പൈലറ്റ് പ്രോജക്ട് പള്ളിമുക്ക് മീറ്റർ കമ്പനിയിൽ നടപ്പാക്കാനുള്ള നടപടി ആരംഭിച്ചു. നോഡൽ ഏജൻസിയായ കിൻഫ്രയിലെ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസമെത്തി പദ്ധതിക്കായി പ്രയോജനപ്പെടുത്താവുന്ന സ്ഥലത്തിന്റെ വിവരങ്ങൾ ശേഖരിച്ചു.
ആറ് ഏക്കർ സ്ഥലത്താണ് നിലവിൽ മീറ്റർ കമ്പനി സ്ഥിതി ചെയ്യുന്നത്. ആദ്യഘട്ടത്തിൽ രണ്ട് ഏക്കർ സ്ഥലം സെന്ററിനായി വിട്ടുകൊടുക്കാനാണ് സാദ്ധ്യത. വിജയകരമാണെങ്കിൽ മീറ്റർ കമ്പനിക്ക് ആവശ്യമില്ലാത്ത ശേഷിക്കുന്ന സ്ഥലവും വിട്ടുനൽകും. സ്വകാര്യ സംരംഭകർക്ക് ആവരുടെ പദ്ധതികൾ നടപ്പാക്കാനുള്ള കെട്ടിടം, വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രമാണ് ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ. നിശ്ചിതകാലത്തേക്കാകും ഭൂമി വിട്ടുനൽകുക. നൽകുന്ന ഭൂമിക്ക് നിശ്ചിതതുക പാട്ടമായി കിൻഫ്രയ്ക്ക് നൽകേണ്ടി വരും. രണ്ട് ഏക്കർ സ്ഥലം വൈകാതെ കിൻഫ്രയ്ക്ക് കൈമാറും. ആറ് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സാദ്ധ്യത.
ബഡ്‌ജറ്റ് പ്രഖ്യാപനം പ്രവൃത്തിയിലേക്ക്
1. സംസ്ഥാനത്ത് സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുമെന്നാണ് ബഡ്‌ജറ്ര് പ്രഖ്യാപനം
2. മുണ്ടയ്ക്കലിൽ അടുത്തിടെ കിൻഫ്ര ആരംഭിച്ച ഇൻഡസ്ട്രിയൽ പാർക്കിൽ സംരംഭകർക്ക് പുതുതായി ആരംഭിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്
3. ചാത്തന്നൂരിൽ വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലും ഇൻഡസ്ട്രിയൽ പാർക്കിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്
കിഫ്ബിയിൽ നിന്ന് വകയിരുത്തിയത് ₹ 200 കോടി
നിലവിൽ നിർമ്മിക്കുന്നവ
മീറ്റർ കമ്പനിയിൽ പ്രധാനമായും കെ.എസ്.ഇ.ബിക്ക് ആവശ്യമായ എയർ ബ്രേക്ക് സ്വിച്ചിന്റെ നിർമ്മാണമാണ് നടക്കുന്നത്. ഇതിന് പുറമേ വാട്ടർ മീറ്റർ, എൽ.ഇ.ഡി ലൈറ്റ്, വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം, മെക്കാനിൽ മോട്ടർ സ്റ്റാർട്ടർ എന്നിവയുടെ നിർമ്മാണവും നടക്കുന്നുണ്ട്.