
കൊല്ലം:വസന്തയുടെ കൈകളാണ് ചേച്ചി ശാന്തമ്മ. പല്ലുതേപ്പിക്കാനും ഭക്ഷണം വാരിക്കൊടുക്കാനും വസന്തയ്ക്ക് നേരേ നീളുന്നത് ശാന്തമ്മയുടെ (61) കൈകളാണ്. ലോറി അപകടത്തിൽ ഇരുകൈയും നഷ്ടപ്പെട്ട വസന്ത ഭാവിയെപ്പറ്റി ഓർത്ത് വിതുമ്പിയപ്പോൾ കൂടെ നിന്ന് ആത്മവിശ്വാസം പകർന്നതും കൈത്താങ്ങായതും കൂടെപ്പിറപ്പായ ശാന്തമ്മയായിരുന്നു.
പുനലൂർ മാത്ര ബീറ്റി വിലാസത്തിൽ കർഷക തൊഴിലാളികളായിരുന്ന പരേതരായ ശ്രീധരന്റെയും ലക്ഷ്മിയുടെയും മൂന്ന് പെൺമക്കളിൽ ഇളയവളാണ് വസന്ത (44). തൊളിക്കോട് ആർ.പി.സിയിലെ ചൂള കമ്പനിയിലെ തൊഴിലാളിയായിരുന്ന വസന്ത 1992 ഒക്ടോബർ 31ന് ഇഷ്ടികയുമായി ലോറിയിൽ പോകുമ്പോഴായിരുന്നു അപകടം. ഐക്കരക്കോണത്തുവച്ച് ലോറി നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. ഫയർഫോഴ്സെത്തി വടം കെട്ടി ലോറി ഉയർത്തുന്നതിനിടെ വടംപൊട്ടി വീണ്ടും മറിഞ്ഞു. അപകടത്തിൽ വസന്തയുടെ ഇരു കൈകളും ചതഞ്ഞരഞ്ഞു. നാല് പല്ലുകൾ ഇളകിപ്പോയി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറുമാസം നീണ്ട ചികിത്സ. കൈകൾ മുട്ടിന് മുകളിൽ വച്ച് മുറിച്ചു നീക്കേണ്ടി വന്നു.
വിളിപ്പുറത്തുണ്ട് ശാന്തമ്മ
വിവാഹാലോചനകൾ നടക്കുമ്പോഴാണ് വസന്ത അപകടത്തിൽപ്പെട്ടത്. രണ്ട് മുറികളുള്ള ചെറിയ വീട്ടിൽ പ്രാരബ്ധങ്ങളുമായി കഴിയുമ്പോഴും ശാന്തമ്മ വസന്തയെ ഒരു ബുദ്ധിമുട്ടും അറിയിച്ചില്ല. അമ്മാവന്റെ മകൻ കൂടിയായ, ചായക്കട നടത്തുന്ന ഭർത്താവ് രവീന്ദ്രനും മക്കളുമൊക്കെ ശാന്തമ്മയ്ക്കൊപ്പം വസന്തയ്ക്ക് സഹായവുമായി നിന്നു. പുലർച്ചെ വസന്ത എണീറ്റാലുടൻ എല്ലാ കാര്യങ്ങൾക്കും ശാന്തമ്മയുടെ സഹായമെത്തും. ബാത്റൂമിൽ കാൽകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന പൈപ്പ് സെറ്റ് ഉള്ളതിനാൽ പരസഹായം വേണ്ട.
വീട്ടിൽ വസന്തയ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ഞാൻ എവിടെ പോയാലും അവളെയും കൊണ്ടുപോകും. പൊതുവേദിയിലും ചോറു വാരിക്കൊടുക്കുന്നതിനടക്കം യാതൊരു നാണക്കേടുമില്ല. എന്റെ കൂടപ്പിറപ്പിന്റെ കൈകളായി മാറുന്നതിൽ അഭിമാനം മാത്രം
ശാന്തമ്മ