# കൊച്ചുപിലാംമൂട് പാലം ഇന്ന് അടയ്ക്കും
കൊല്ലം: അറ്റകുറ്റപ്പണികൾക്കായി കൊച്ചുപിലാമൂട് പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടയ്ക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. രാവിലെ നിർമ്മാണ തൊഴിലാളികൾ എത്തിയാലുടൻ അടയ്ക്കാനാണ് തീരുമാനം. പത്ത് ദിവസത്തിനുള്ളിൽ തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
കമ്മിഷണർ ഓഫീസ് ആർ.ഒ.ബി അടച്ചതോടെ ബീച്ച്, പള്ളിത്തോട്ടം ഭാഗത്തേക്കുള്ള വാഹനങ്ങൾ എസ്.എം.പി റെയിൽവേ ഗേറ്റ് വഴി കൊച്ചുപിലാമൂട് പാലം വഴിയാണ് സഞ്ചരിച്ചിരുന്നത്. ഇനി കോളേജ് ജംഗ്ഷനിൽ നിന്നുള്ള വാഹനങ്ങൾക്ക് പള്ളിത്തോട്ടം ഭാഗത്തേക്ക് പോകാൻ മെയിൻ റോഡ് വഴിയോ ബെൻസിഗർ ആശുപത്രിക്ക് മുന്നിലൂടെ പുകയില പണ്ടകശാല ഭാഗത്തേക്കുള്ള റോഡിനെയോ ആശ്രയിക്കേണ്ടി വരും. വീതി കുറഞ്ഞ ഈ റോഡിലുംഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. തിരിച്ച് ചിന്നക്കടയിലെത്താൻ പള്ളിത്തോട്ടം തടിപ്പാലം റോഡും പുകയില പണ്ടകശാല റോഡുമാണ് ആശ്രയം. ഇത് ചിന്നക്കടയിൽ കൂടുതൽ വാഹനങ്ങളെത്തുന്ന സ്ഥിതി സൃഷ്ടിക്കും. എസ്.എൻ കോളേജ് ജംഗ്ഷൻ, പോളയത്തോട് ഗേറ്റുകളിലും വാഹനങ്ങളുടം നീണ്ടനിരയ്ക്ക് സാദ്ധ്യതയുണ്ട്.
 എതിർത്ത് പൊലീസ്
കമ്മിഷണർ ഓഫീസ് ആർ.ഒ.ബിയുടെ നവീകരണത്തിനൊപ്പം കൊച്ചുപിലാംമൂട് പാലത്തിന്റെയും അറ്റകുറ്റപ്പണി നടത്തിയാൽ ഗതാഗത പ്രശ്നം ഒരുമിച്ച് അവസാനിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ രണ്ട് പാലങ്ങളും ഒരുമിച്ച് അടയ്ക്കുന്നതിനോട് പൊലീസ് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.