ksrtc

മൺറോത്തുരുത്ത്: വനിതകളെ മാത്രം യാത്രക്കാരാക്കി കെ.എസ്.ആർ.ടി.സി സംഘടിപ്പിച്ച 'യാത്രാവാരം' മെഗാഹിറ്റ്. നെയ്യാറ്റിൻകരയിൽ മാത്രം ഏഴു വനിതാ യാത്രകൾ സംഘടിപ്പിച്ചു. എല്ലാ യാത്രയി​ലും വണ്ടി​ നി​റഞ്ഞാളുകൾ.

കൊല്ലം ഡി.ടി.പി.സിയുമായി ചേർന്നാണ് മൺറോത്തുരുത്ത്, സാമ്പ്രാണിക്കൊടി, കൊല്ലം ബീച്ച് എന്നിവിടങ്ങളിലേക്ക് ആനവണ്ടി യാത്ര ഒരുക്കിയത്. വനിതാ ദിനത്തിൽ വണ്ടർലായിലേക്കും വനിതകളെ മാത്രം കയറ്റി വണ്ടി​യോടി​.

സൗണ്ട് സിസ്റ്റവും ലൈറ്റിംഗും ഉൾപ്പെടെ പ്രത്യേകം ക്രമീകരിച്ച ബസുകളിലായിരുന്നു യാത്രകൾ. യാത്രാ കൂട്ടായ്മയായ അപ്പൂപ്പൻ താടികൾ, നിംസ് മെഡിസിറ്റി, വനിതാ കണ്ടക്ടർ കൂട്ടായ്മ, ബോണ്ട് കൂട്ടായ്മ, ഓൾ സെയിന്റ് കോളേജ് വിദ്യാർത്ഥിനി സംഘം, കെ.എസ്.ആർ.ടി.സി വി​മൻ ഫാൻസ്, ലൈഫ് ഫൗണ്ടേഷൻ എന്നീ വനിതാ കൂട്ടായ്മകൾ യാത്രയിൽ സഹകരിച്ചു. യാത്രയിലെ കൂട്ടായ്മകൾക്ക് കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ബജറ്റ് ടൂറിസം വിഭാഗം ഉപഹാരങ്ങളും സമ്മാനിച്ചു. എ.ടി.ഒ മുഹമ്മദ് ബഷീർ, ജനറൽ സി.ഐ സതീഷ് കുമാർ, ടൂർ കോ-ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, സീനിയർ സൂപ്രണ്ട് രശ്മി രമേഷ്, എസ്.ശ്യാമള, എസ്.ജി.രാജേഷ്, കെ.എസ്. ജയശങ്കർ, എം.എൻ.സതീഷ്, എം.എസ്.സജികുമാർ എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

യാത്രക്കാരായ വനിതകളെ മാത്രം ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം വാട്സാപ്പ് കൂട്ടായ്മക്ക് രൂപം നൽകി. ഭാവിയിലും കൂട്ടായ യാത്രകൾക്ക് ഒരുങ്ങുകയാണ് വനിതകൾ. വനിതാ യാത്രാവാരത്തിന്റെ സമാപനം കെ.എസ്.ആർ.ടി.സി ദക്ഷിണമേഖലാ എക്സിക്യുട്ടീവ് ഡയറക്ടർ ജി.അനിൽകുമാർ നിർവഹിച്ചു. ഡി.ടി.പി.സി ജില്ലാ ഓഫീസർ ഡോ. രമ്യ.എസ്.കുമാർ, പ്രിനിൽ രാജേന്ദ്രൻ, വൈ. യേശുദാസ്, ആതിര, വിനിത, സജിത, മീര എന്നിവർ സംസാരിച്ചു. വനിതാ യാത്രയിലെ സംഘാംഗങ്ങൾക്ക് കെ.എസ്.ആർ.ടി.സി ദക്ഷിണമേഖലാ മേധാവി ജി. അനിൽകുമാർ ഉപഹാരങ്ങൾ സമ്മാനിച്ചു. അടുത്തമാസം നെയ്യാറ്റിൻകരയിൽ നിന്ന് മൂന്നാർ, പൊന്മുടി വിനോദയാത്രകൾക്കും കെ.എസ്.ആർ.ടി.സി തുടക്കം കുറിക്കും.