
കൊല്ലം: കേരളത്തിലെ കശുഅണ്ടി വ്യവസായ തൊഴിലാളികളുടെ അവകാശ സമര പോരാട്ടങ്ങളിൽ വീറോടെ നില ഉറപ്പിക്കുകയും അന്ത്യം വരെ തൊഴിലാളികൾക്കായി ജീവിക്കുകയും ചെയ്ത നേതാവായിരുന്നു വി. സത്യശീലനെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കശുഅണ്ടി തൊഴിലാളി കോൺഗ്രസിന്റെയും ഡി.സി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി. സത്യശീലന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ പാർട്ടികളുടെ ഐക്യത്തിലൂടെ മാത്രമേ വർഗീയതയെ തടയാൻ കഴിയുകയുള്ളുവെന്നും, അത്തരം ഒരു ഐക്യത്തിനായി കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. പി.സി. വിഷ്ണുനാഥ് എം.എൽ.എ, കെ.സി. രാജൻ, ബിന്ദുകൃഷ്ണ, എഴുകോൺ നാരായണൻ, എൽ.കെ. ശ്രീദേവി, അരുൺരാജ്, ഏരൂർ സുബാഷ്, ബാബു.ജി പട്ടത്താനം, എസ്.വിപിനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മംഗലത്ത് രാഘവൻ നായർ സ്വാഗതവും കശുഅണ്ടി തൊഴിലാളി കോൺഗ്രസ് ജന. സെക്രട്ടറി സവിൻ സത്യൻ നന്ദിയും പറഞ്ഞു.