nitheen-23

തൊടിയൂർ: പള്ളിക്കലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പന്മന കളരി വാർഡിൽ അത്തം വീട്ടിൽ സുദർശനൻ -സുജാത ദമ്പതികളുടെ മകൻ നിധിനാണ് (23) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കല്ലേലിഭാഗം കരയനാത്തിൽ കടവിലായിരുന്നു അപകടം.

മരണവീട്ടിൽ പോയ ശേഷം മാതാവിന്റെ കുടുംബവീടായ കല്ലേലിഭാഗം കരയനാത്തിൽ വന്ന നിധിൻ സഹോദരങ്ങായ നിജിൻ, ആദിത്യൻ, മാതൃസഹോദരനായ രതീഷ് എന്നിവർക്കൊപ്പം കുളിക്കാനായി ആറ്റിൽ ഇറങ്ങി. തൊട്ടുപിന്നാലെ നിധിൻ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ കരയനാത്തിൽ വീട്ടിലെത്തി മുത്തച്ഛൻ രാജേന്ദ്രനെ വിവരം അറിയിച്ചു. രാജേന്ദ്രനെത്തിയാണ് നിധിനെ മുങ്ങിയെടുത്തത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. നീന്തൽ വശമുള്ള നിധിൻ ആറ്റിൽ വളർന്നുനിൽക്കുന്ന വള്ളിപ്പടർപ്പുകളിലും പായലിലും കുരുങ്ങിയതാവാമെന്നാണ് കരുതുന്നത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ പന്മനയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.