കടയ്ക്കൽ: വാക്കുതർക്കത്തിനിടെ യുവാവിന് തലയ്ക്ക് വെടിയേറ്റു. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്ത പുരം പാങ്ങോട് പുലിപ്പാറ സ്വദേശി റഹീമി(40)നാണ് വെടിയേറ്റത്. കുമ്മിൾ തച്ചോണം അഞ്ചുമലക്കുന്ന് സ്വദേശിയും വർക്ക് ഷോപ്പ് മെക്കാനിക്കുമായ വിനീത്(30) ആണ് വെടിവച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച റഹീമിനെ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും. റഹീമിന്റെ ബൈക്ക് വിനീതിന്റെ വർക്ക് ഷോപ്പിൽ സർവീസിന് കൊടുത്തതുമായി ബന്ധപ്പെട്ട് മുൻപ് തർക്കമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഇരുവരും കടയ്ക്കൽ തിരുവാതിരക്കിടെ കണ്ടുമുട്ടുകയും വീണ്ടും തർക്കമുണ്ടാകുകയും ചെയ്തു. തുടർന്ന് പറമ്പിൽ നിന്ന് മടങ്ങിയ റഹിം തച്ചോണം ജംഗ്ഷനിലെത്തു മ്പോഴേക്കും പിൻതുടർന്നെത്തിയ വിനീത് കൈവശമുണ്ടായിരുന്ന
എയർഗൺ റഹീമിന്റെ തലയോട് ചേർത്ത് വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സംഭവം കഴിഞ്ഞ് മിനിറ്റുകൾക്കകം കസ്റ്റഡിയിലെടുത്ത വിനീതിനെ ഇന്നലെ വൈകിട്ട് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുകയും വീട്ടിലെത്തിച്ച് വെടിവയ്ക്കാനുപയോഗിച്ച തോക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.