dog

കൊല്ലം: വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള നടപടികൾ ഊർജിതമാക്കി കൊല്ലം കോർപ്പറേഷൻ. ആദ്യഘട്ടത്തിൽ നായ്ക്കൾക്കാണ് ലൈസൻസ് നൽകുന്നത്. പ്രായമാകുമ്പോഴോ രോഗങ്ങൾ പിടിപെടുമ്പോഴോ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാനും പേവിഷ പ്രതിരോധം ശക്തമാക്കാനുമാണ് ഇടപെടൽ.

ലൈസൻസിനുള്ള അപേക്ഷാഫോറം കോർപ്പറേഷന്റെ പ്രധാന ഓഫീസ്, സോണൽ ഓഫീസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളിൽ ലഭിക്കും. ഉടമസ്ഥന്റെ ആധാർ കാർഡിന്റെ പകർപ്പ്, നായയ്ക്ക് പ്രതിരോധ കുത്തിവയ്പ് നടത്തിയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. പേവിഷ പ്രതിരോധ കുത്തിവയ്പിന്റെ കാലയളവിലേക്ക് മാത്രമേ നായ്ക്കൾക്ക് ലൈസൻസ് അനുവദിക്കുകയുള്ളൂ. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മൈക്രോ ചിപ്പ് ഘടിപ്പിക്കും. തെരുവിൽ ഉപേക്ഷിക്കുന്ന വളർത്തുനായ്ക്കളുടെ ഉടമസ്ഥനെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണി​ത്. തുടർന്ന് ബ്രീഡർ ലൈസൻസ്, കന്നുകാലികൾ, കുതിര, പന്നി, എന്നിവയ്ക്കുള്ള ലൈസൻസും നൽകും. ഇതോടെ ഈ വളർത്തുമൃഗങ്ങൾ കാരണം മറ്റാർക്കെങ്കിലും കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും.

# പ്രസവിച്ചാൽ കുഞ്ഞുങ്ങൾക്കും ലൈസൻസ്

ഒന്നിൽ കൂടുതൽ മൃഗങ്ങളെ വളർത്തുകയാണെങ്കിൽ ഓരോ മൃഗത്തിനും പ്രത്യേകം ലൈസൻസ് എടുക്കണം. വളർത്തു മൃഗം പ്രസവിച്ചാൽ കുഞ്ഞുങ്ങൾക്ക് 4 മാസത്തിനകം ലൈസൻസ് എടുക്കണം. വിൽക്കുകയാണെങ്കിൽ കോർപ്പറേഷനെ അറിയിച്ച് ലൈസൻസ് റദ്ദാക്കണം.

# ഫീസ്

 വളർത്തുനായ: 250

 കന്നുകാലികൾ, പന്നികൾ, പൂച്ച: 100

 വാണിജ്യാവശ്യത്തിന് വളർത്തുന്ന പൂച്ച (ബ്രീഡർ പൂച്ച): 250

 വാണിജ്യാവശ്യത്തിന് വളർത്തുന്ന നായ (ബ്രീഡർ നായ): 500

 കുതിര:1000

.....................................

# സ്ഥാപനങ്ങൾക്കും വേണം

പെറ്റ്‌ഹോസ്റ്റലുകൾ, പെറ്റ്‌ബോർഡിംഗ് സെന്ററുകൾ, പെറ്റ്‌ഷോപ്പുകൾ എന്നിവയ്ക്കും വലിപ്പച്ചെറുപ്പം അനുസരിച്ച് ലൈസൻസ് ഫീസ് ഈടാക്കും. ഒരു വർഷമാണ് കാലാവധി