phot
പുനലൂർ കച്ചേരി റോഡിൽഇന്നലെ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്തത് കാരണം ഗതാഗതകുരുക്ക് അനുഭവപ്പെട്ടനിലയിൽ

പുനലൂർ: പുനലൂർ കച്ചേരി റോഡിലെ വൺവേ സംവിധാനം പാളിയതോടെ ഗതാഗതകുരുക്ക് രൂക്ഷമായി. പുനലൂർ പൊലീസും നഗരസഭ ഭരണാധികാരികളും ചേർന്ന് എട്ട് വർഷം മുമ്പ് നടപ്പിലാക്കിയ വൺവേ സംവിധാനമാണ് വർഷങ്ങൾക്ക് മുമ്പ് പാളിയത്. വിവിധ സ്ഥലങ്ങളിൽ നിന്ന് പട്ടണത്തിലെത്തി വൺവേയായ കച്ചേരി റോഡിൽ പോകേണ്ട വാഹനങ്ങൾ വൈദേഹി ജംഗ്ഷൻ വഴി താലൂക്ക് ആശുപത്രിയുടെ മുന്നിലൂടെ കിഴക്കോട്ട് കടന്ന് പോകണമെന്നായിരുന്നു വർഷങ്ങൾക്ക് മുമ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വ്യാപാരികളും ചേർന്ന് എടുത്ത തീരുമാനം. എന്നാൽ പരീക്ഷണാർത്ഥം വൺവേയായി വാഹനങ്ങൾ ഓടിച്ചു വിജയിച്ചെങ്കിലും പിന്നീട് ബന്ധപ്പെട്ടവർ സംവിധാനം വിപുലപ്പെടുത്താൻ തയ്യാറായില്ല.

വൺവേ സംവിധാനം തെറ്റിച്ചതോടെ

കച്ചേരി റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗവ.താലൂക്ക് ആശുപത്രിയിൽ രോഗികളുമായി എത്തുന്ന വാഹനങ്ങൾ വൈദേഹി ജംഗ്ഷൻ വഴി ചുറ്റി വരുന്നത് ബുദ്ധിമുട്ടാണ്. പിന്നീട് കച്ചേരി റോഡിന്റെ കിഴക്ക് ഭാഗത്ത് നിന്നും രോഗികളുമായെത്തുന്ന ആംബുലൻസുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നു. ഇതിന്റെ മറവിൽ മറ്റ് വാഹനങ്ങളും വൺവേ സംവിധാനം തെറ്റിച്ചതോടെയാണ് പ്രധാനമായും പദ്ധതി പാളിയത്. വർഷങ്ങളായി കച്ചേരി റോഡ് വഴിയുളള കാൽ നടയാത്ര പോലും ദുഷ്ക്കരമായി മാറുകയാണ്.

നടപ്പിലാക്കാത്ത പ്ളാനുകൾ

നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ട്രാഫിക് പരിഷ്കരണ കമ്മിറ്റി കൂടി കച്ചേരി റോഡിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ പദ്ധതി പ്ലാൻ ചെയ്യുമെങ്കിലും ഒന്നും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. പുനലൂരിലെ പ്രധാന ഓഫീസുകളെല്ലാം സ്ഥിതി ചെയ്യുന്നത് കച്ചേരി റോഡിന്റെ ഒരുവശത്താണ്. മറുവശത്ത് അഭിഭാക്ഷകരുടെ ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമാണ്. ഇവിടെ എത്തുന്നവരുടെയും മറ്റു യാത്രക്കാരുടെയും വാഹനങ്ങൾ പാതയോരത്ത് പാർക്ക് ചെയ്യുന്നതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമാകുന്നത്. ഇതിനിടെ വീതി കുറഞ്ഞ റോഡിന്റെ രണ്ട് വശങ്ങളിൽ നിന്നും ഇടതടവില്ലാതെ വാഹനങ്ങൾ കടന്ന് വരുന്നതോടെ കച്ചേരി റോഡിൽ ഗതാഗതം സ്തംഭിക്കും.

പാർക്കിംഗ് സൗകര്യം വേണം

പാർക്കിംഗിന് നഗരസഭ സൗകര്യം ഒരുക്കി നൽകിയിരുന്നെങ്കിൽ ഒരു പരിധിവരെ കച്ചേരി റോഡിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ കഴിയും. ഇതിനൊപ്പം കച്ചേരി റോഡിന് സമീപത്തുകൂടി കടന്ന് പോകുന്ന ദേശീയ പാതയിലെ ഗതാഗാത കുരുക്ക് ഒഴിവാക്കാൻ പൊലീസുകാരെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. ഇവരുടെ സേവനം കച്ചേരി റോഡിലും ഉപയോഗപ്പെടുത്തിയാൽ പാളിയ വൺവേ സംവിധാനം പുന:സ്ഥാപിക്കാൻ കഴിയും.