
പുനലൂർ: കല്ലട ഇറിഗേഷന്റെ വലതുകര കനാലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുനലൂർ നഗരസഭയിലെ ശാസ്താംകോണം ഐഷ മൻസിലിൽ അസ്കറിന്റെ (29) മൃതദേഹമാണ് ഇന്നലെ കറവൂരിന് സമീപത്തെ പെരുന്തോലിയിൽ നിന്ന് കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് 3.30ഓടെ ചാലിയക്കരയ്ക്ക് സമീപത്തെ ഉപ്പുകുഴിയിലെ കനാലിലാണ് ബന്ധുവുമൊത്ത് കുളിക്കാനിറങ്ങിയത്. ഇതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് പുനലൂർ ഫയർഫോഴ്സിലെ അസി. സ്റ്റേഷൻ ഓഫീസർ സാബുവിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരും തെന്മല പൊലീസും കനാൽ അടച്ച് രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 7.15ന് വെള്ളം കുറഞ്ഞതിനെ തുടർന്ന് നാട്ടുകാർ കനാലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് ഫയർഫോഴ്സും പൊലീസും എത്തി മൃതദേഹം കരയ്ക്കെടുത്ത് പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേ മാറ്റി. ഭാര്യ: റജീല. ഏക മകൻ: ഹർഷാദ്.