study-
ചിറക്കര ഗ്രാമപഞ്ചായത്ത് ഉളിയനാട് വേടർ കോളനിയിൽ ചരുവിള വീട്ടിൽ ഗിരീഷിന് ലഭിച്ച പഠനമുറിയുടെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള നിർവഹിക്കുന്നു

ചാത്തന്നൂർ :പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠന സൗകര്യം ഉറപ്പാക്കാൻ 800 ചതുരശ്രയടിയിൽ അധികാരികാത്ത വീടിനോട് ചേർന്ന് പഠനമുറി നൽകുന്ന പദ്ധതിയുടെ ഭാഗമായി, ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തും പട്ടികജാതി വകുപ്പും ചേർന്ന് ബ്ലോക്കിൽ 50 പഠന മുറികൾ യാഥാർത്ഥ്യമാക്കും.

ഒരു പഠന മുറിക്ക് രണ്ട് ലക്ഷം രൂപ നൽകുന്നതിലൂടെ ഒരു കോടി രൂപയുടെ പ്രവർത്തനമാണ് നടപ്പാക്കുക.

കൊല്ലം ശ്രീനാരായണ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയായ ചിറക്കര ഗ്രാമപഞ്ചായത്ത് ഉളിയനാട് വേടർ കോളനിയിൽ ചരുവിള വീട്ടിൽ ഗിരീഷിന് ലഭിച്ച പഠനമുറിയുടെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള നിർവഹിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല ദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീജഹരീഷ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശകുന്തള, പട്ടികജാതി വികസന ഓഫീസർ ഡി. ഷാജി, വാർഡ് അംഗം വിനിത ദീപു, എസ്. സി പ്രമോട്ടർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.