summer

 പാലക്കാടിന് പിന്നാലെ പുനലൂർ

കൊല്ലം: കൊടും ചൂടിൽ ചുട്ടുപൊള്ളുകയാണ് കൊല്ലം ജില്ല. സംസ്ഥാനത്ത്‌ താപനിലയിൽ ഏറ്റവും മുന്നിലുള്ള പാലക്കാടിന് പിന്നാലെയാണ് പുനലൂർ. കഴിഞ്ഞ ചൊവ്വാഴ്ച 39.2 ഡിഗ്രി സെൽഷ്യസ്‌ ചൂടാണ് അനുഭവപ്പെട്ടത്.

ചൂട് വർദ്ധിച്ചതോടെ സൂര്യാഘാതമേൽക്കാനുള്ള സാദ്ധ്യതയും കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുനലൂർ നഗരസഭാ കൗൺസിലർക്ക് സൂര്യാഘാതമേറ്റിരുന്നു. കൈകാലുകളിലും മുതുകിലുമാണ് പൊള്ളലേറ്റത്.
സാധാരണയിൽ നിന്ന്‌ മൂന്നും നാലും ഡിഗ്രി സെൽഷ്യസ്‌ ചൂട്‌ വർദ്ധിച്ചതോയെ ജനം പകൽ പുറത്തിറങ്ങാൻ മടിക്കുകയാണ്. ഇത് വ്യാപാര മേഖലയെയും സാരമായി ബാധിച്ചു. രാവിലെയും വൈകിട്ടും മാത്രമാണ്‌ ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നത്‌. ടൂവീലർ യാത്രക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

പകൽ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത്‌ ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നൽകി. തൊഴിൽ സമയം പുനഃക്രമീകരിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. മൂത്രത്തിൽ കല്ല്, അണുബാധ, നിർജ്ജലീകരണം, നേത്രരോഗങ്ങൾ, ഉദരരോഗങ്ങൾ തുടങ്ങിയവയ്ക്കും സാദ്ധ്യത വർദ്ധിച്ചിരിക്കുകയാണ്.

കരുതലോടെ നേരിടാം

1. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക

2. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക

3. മദ്യം, കാപ്പി, ചായ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക

4. പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുക

5. എണ്ണയിൽ വറുത്ത ഭക്ഷണം ഒഴിവാക്കുക

6. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
7. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ വെയിലത്ത് ഇറങ്ങരുത്

8. മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക
9. കുട്ടികളെ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്‌

""

വെയിലത്ത് യാത്ര ചെയ്യുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ സേവനം തേടണം. കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണം.

ആരോഗ്യവകുപ്പ് അധികൃതർ