 
കൊട്ടാരക്കര : ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെ കൊട്ടരക്കര മാർക്കറ്റ് ജംഗ്ഷനിൽ വീശിയടിച്ച ചുഴലിക്കാറ്റ് നാട്ടുകാരെയും വഴിയാത്രക്കാരെയും വ്യാപാരികളെയും ഭീതിയിലാഴ്ത്തി. മൂന്ന് മിനിറ്റോളം നീണ്ടു നിന്ന ചുഴലിക്കാറ്റിൽ ടൗണിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടു സംഭവിച്ചു. മുൻസിപ്പൽ സ്റ്റേഡിയത്തിന് പിന്നിലുണ്ടായിരുന്ന തെങ്ങ് കടപുഴകി വീണു. മുൻസിപ്പൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച യൂസ്ഡ് കാർസ് സെയിൽസ് ഷാമിനായ പന്തൽ കാറ്റിൽ പതിനഞ്ച് മീറ്റർ പറന്നുയർന്നു. ഉദ്ദേശം ഇരുന്നൂറ്റമ്പതോളം കിലോ ഭാരമുള്ള കമ്പികളും പന്തലും കാറ്റിൽ ഉയർന്ന് സമീപത്തുള്ള കടകളുടെ മുകളിലായി വൈദ്യുതി ലൈനിലും കേബിളിലുമായി കുരുങ്ങി കിടന്നതിനാൽ ആർക്കും അപകടം ഉണ്ടായില്ല. മുൻസിപ്പൽ സ്റ്റേഡിയത്തിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് പൊടിപടലും ചപ്പു ചവറും കൂട്ടി ചുഴറ്റി ഉയരുകയായിരുന്നു. രോഹിണി സ്റ്റോഴ്സ്, തമ്പീസ് സ്റ്റോഴ്സ്, മുല്ലശ്ശേരി സ്റ്റോഴ്സ് എന്നീ സ്ഥാപനങ്ങളുടെ മേൽക്കൂരക്ക് കേടു സംഭവിച്ചു. ഫയർഫോഴ്സും പൊലീസും വളരെ പണിപ്പെട്ടാണ് വൈദ്യുതി ലൈനിൽ നിന്ന് ഷാമിനായ പന്തൽ ഇളക്കിമാറ്റി ഗതാഗതം പുന: സ്ഥാപിച്ചത്.