 
കൊല്ലം: നെടുവത്തൂർ വില്ലേജോഫീസ് സ്മാർട്ടാകാനൊരുങ്ങുന്നു. നിർമ്മാണോദ്ഘാടനം നടന്ന് രണ്ടര വർഷമെത്തുമ്പോഴാണ് കെട്ടിട നിർമ്മാണ ജോലികൾ തുടങ്ങിയത്. പഴയ കെട്ടിടം പൊളിച്ച് നീക്കിയശേഷമാണ് നിർമ്മാണ ജോലികൾക്ക് തുടക്കമിട്ടത്. നേരത്തേതന്നെ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം സമീപത്തെ വായനശാലയിലേക്ക് മാറ്റിയിരുന്നു. ഇവിടെ അസൗകര്യങ്ങൾക്ക് നടുവിലാണ് ഓഫീസിന്റെ പ്രവർത്തനങ്ങൾ. എന്നാൽ കെട്ടിട നിർമ്മാണം തുടങ്ങിയതിനാൽ ഇനി കാലതാമസമില്ലാതെ സ്മാർട്ട് വില്ലേജാകാമെന്നാണ് പ്രതീക്ഷ. 44 ലക്ഷം രൂപയാണ് സ്മാർട്ട് വില്ലേജ് പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ചത്. 2020 നവംബർ 4ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനിലൂടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. എന്നാൽ നിർമ്മാണ ജോലികൾ നീണ്ടുപോയതോടെ കഴിഞ്ഞ സെപ്തംബർ 8ന് നെടുവത്തൂർ വില്ലേജ് ഓഫീസ് സ്മാർട്ടായില്ല, ശിലാഫലകം കാടുമൂടി മറഞ്ഞു ... എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത ഒട്ടേറെ ചർച്ചകൾക്ക് ഇടയാക്കി. താലൂക്ക് വികസന സമിതിയിലും വിഷയമെത്തിയതോടെയാണ് തടസങ്ങൾ നീങ്ങി നിർമ്മാണ ജോലികൾ ആരംഭിച്ചത്.
പഴഞ്ചൻ കെട്ടിടത്തിൽ നിന്ന് മോക്ഷം
കൊട്ടാരക്കര താലൂക്കിൽ കൂടുതൽ പരിധിയുള്ള വില്ലേജ് ഓഫീസുകളിൽ ഒന്നാണ് നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന നെടുവത്തൂർ വില്ലേജോഫീസ്. 1986ൽ നിർമ്മിച്ച വില്ലേജോഫീസ് കെട്ടിടം പൊളിച്ചുനീക്കിയ ശേഷം പുതിയ കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി.
ഹൈടെക് സംവിധാനങ്ങൾ
നിർമ്മിതി കേന്ദ്രത്തിനാണ് നിർവഹണ ചുമതല.വില്ലേജ് ഓഫീസർ റൂം, ഓഫീസ് ഏരിയ, ഡോക്യുമെന്റ് സ്റ്റോർ, പൊതുജനങ്ങൾക്കുള്ള വിശ്രമ സ്ഥലം, ടോയ്‌ലറ്റ്, ഡൈനിംഗ് ഏരിയ, പാർക്കിംഗ്, ചുറ്റുമതിൽ എന്നീ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. വീഡിയോ കോൺഫറൻസ് സംവിധാനമടക്കം മെച്ചപ്പെട്ട സൗകര്യങ്ങളുമൊരുക്കും.
നെടുവത്തൂർ വില്ലേജ് ഓഫീസിന്റെ അസൗകര്യങ്ങൾ ഉടൻ മാറും. കെട്ടിട നിർമ്മാണ ജോലികൾ തുടങ്ങി. വേഗത്തിൽ പൂർത്തിയാക്കും. നിർമ്മാണ ജോലികൾ ഇടയ്ക്കിടയ്ക്ക് വിലയിരുത്തും.
പി.ശുഭൻ, തഹസീൽദാർ, കൊട്ടാരക്കര