ചാത്തന്നൂർ : ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രത്തിന് സമീപത്തെ പാലത്തിന് അടുത്തുള്ള റോഡ് കഴിഞ്ഞ ദിവസമാണ് പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ടാർ ചെയ്തത്. എന്നാൽ, ടാറിന്റെ ചൂട്മാറും മുമ്പ് വാട്ടർ അതോറിട്ടിക്കാർ എത്തി റോഡ് കുത്തിപ്പൊളിച്ചു!
ചാത്തന്നൂർ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലായി പത്തു കോടി രൂപ ചെലവാക്കി 27 കിലോമീറ്റർ റോഡാണ് പുതുക്കിപ്പണിതത്. അതിൽപ്പെട്ടതാണ് ഇപ്പോൾ കുത്തിപ്പൊളിച്ച ചാത്തന്നൂർ ചിറക്കരറോഡ്.
ടാറിംഗിന് മുമ്പ് തന്നെ റോഡിന്റെവശത്തെ കുടിവെള്ള പൈപ്പ് പൊട്ടി ചെറുതായി ലീക്ക് ചെയ്യുന്നുണ്ടായിരുന്നു.ഇക്കാര്യം നാട്ടുകാർ ടാറിംഗ് നടത്തിപ്പുകാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇത് വകവയ്ക്കാതെ
ടാറിംഗ് ചെയ്യുകയായിരുന്നു. റോഡ് പണി പൂർത്തിയായതിന് പിന്നാലെ റോഡിലൂടെ വെള്ളം ഒഴുകാൻ തുടങ്ങി. ഇതോടെ വാട്ടർ അതോറിട്ടി അധികൃതർ എത്തി മണിക്കൂറുകൾക്കുള്ളിൽ റോഡ് വെട്ടിപ്പൊളിച്ച് ലീക്ക് അടയ്ക്കുകയായിരുന്നു.