കൊല്ലം: ഭാര്യയെയും ഭാര്യാ മാതാവിനെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ ചവറ പൊലീസ് പിടികൂടി. പന്മന മാവേലി മുറിയിൽ മല്ലയിൽ കിഴക്കതിൽ ജമാലുദ്ദീൻ മകൻ ഷിജുവാണ് (32) പിടിയിലായത്. കഴിഞ്ഞ 12ന് രാത്രി 10.15 ഓടെ ഭാര്യയുടെ കുടുംബ വീട്ടിലെത്തി ഭാര്യയെയും ഭാര്യാ മാതാവിനെയും ആക്രമിക്കുകയായിരുന്നു.
ഭാര്യ ബന്ധുക്കളോടും അയൽവാസികളോടും സഹകരിക്കുന്നതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് കണ്ട ഭാര്യാ മാതാവ് പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായി ഭാര്യാ മാതാവിനെ തറയിൽ തള്ളിയിടുകയും ഭാര്യയെ പിടിച്ചുതള്ളുകയും ചെയ്തു. ഭാര്യാമാതാവിന്റെ തല ഡൈനിംഗ് ടേബിളിൽ ഇടിച്ച് പരിക്കേറ്റു. ഇവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭാര്യയുടെ പരാതിയിൽ ചവറ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.