കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേരെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് അറന്നൂറ്റിമംഗലം റോസ് നഗർ -25 എയിൽ സൽമാൻ ഫൈസി (21), കരിക്കോട് ടി.കെ.എം.സി പി.ഒ പുത്തൻവിള കിഴക്കതിൽ വീട്ടിൽ ഫ്രാൻസിസ് (23) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ നാളുകളായി ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു വരികയായിരുന്നു. വിവാഹ വാഗ്ദാനം നൽകി ഇവർ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞു. മാതാവിന്റെ പരാതിയിൽ കിളികൊല്ലൂർ പൊലീസ് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് ശനിയാഴ്ച വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. വീട്ടുകാർ കണ്ടതിനെ തുടർന്ന് പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.