 
കൊല്ലം: സഞ്ചാരികളെ വരവേൽക്കാൻ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. ശാസ്താംകോട്ട കായലിനെയും കല്ലടയാറിനെയും ഉൾപ്പെടുത്തി ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമാകും വിധമുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. കെ.സോമപ്രസാദ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി, ജൈവവൈവിധ്യ ബോർഡ്, കെ.എസ്.ഇ.ബി, ഫിഷറീസ് വകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചുള്ള പദ്ധതിയുടെ ഭാഗമായി കായൽ ബണ്ട് റോഡ് 1.5 കിലോമീറ്റർ നീളത്തിലും, രണ്ട് മീറ്റർ വീതിയിലും ടൈലുകൾ പാകും. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചു. കായൽ ബണ്ടിലെ പാതയുടെ ഇരുവശങ്ങളിലും ഓരോ നൂറു മീറ്ററിലും ബെഞ്ചുകൾ സ്ഥാപിക്കും. ഇരുവശങ്ങളിലും കയർഭൂവസ്ത്രം ഉപയോഗിച്ച് മണ്ണൊലിപ്പ് തടയും. ഇവിടെ കെ.എസ്.ഇ.ബി സൗരവൈദ്യുതി പാനലുകൾ സ്ഥാപിക്കുന്നത് വഴി വൈദ്യുതി ഉല്പാദനവും ലക്ഷ്യം വയ്ക്കുന്നുണ്ട്. ചെറിയ മരങ്ങൾ ന
ട്ടു പിടിപ്പിച്ച് മനോഹരമാക്കുന്നതോടെ കായലിന്റെ സൗന്ദര്യം ആസ്വദിച്ച് പ്രഭാത,സായാഹ്ന നടത്തത്തിനുള്ള സൗകര്യം ഒരുങ്ങും.
വയലുകൾക്ക്
ഇടയിലൂടെ...
കായൽ ബണ്ടിലേക്കുള്ള കളീലീൽ മുക്ക് റോഡിന് മുഖ്യമന്ത്രിയുടെ വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കായൽ തീരത്തെ വയലുകൾക്ക് ഇടയിലൂടെയുള്ള മനോഹരയാത്ര സാദ്ധ്യമാക്കുന്ന ഐക്കരഴികത്തുമുക്ക് റോഡിന് ഫിഷറീസ് വകുപ്പ് 45 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇരുറോഡുകളുടെയും നിർമ്മാണം തുടങ്ങിക്കഴിഞ്ഞു.
ഡി.ടി.പി.സിയുമായി സഹകരിച്ച് കടപുഴ കല്ലടയാറിന്റെ തീരത്തുള്ള വിനോദസഞ്ചാര പദ്ധതിയും ഇതിന്റെ ഭാഗമാകും. കഫറ്റേറിയ, നാടൻ ഭക്ഷണശാല, കുട്ടികളുടെ പാർക്ക്, കല്ലടയേയും മൺറോത്തുരുത്തിനെയും ബന്ധിപ്പിക്കുന്ന ബോട്ട്യാത്ര എന്നിവയാണ് ആകർഷണം. കല്ലട വലിയപള്ളി ഉൾപ്പെടെയുള്ള തീർഥാടനകേന്ദ്രങ്ങളും സന്ദർശിക്കാം. തദ്ദേശീയർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി ഉണ്ണികൃഷ്ണൻ പറഞ്ഞു.