 
പുനലൂർ: ആര്യങ്കാവിൽ വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു. തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ആര്യങ്കാവിൽ വില്ലേജ് ഓഫീസറില്ലാത്തത് കാരണം നാട്ടുകാർ ഒന്നര മാസമായി ബുദ്ധിമുട്ടുകയാണ്. ഇത് കാരണം തോട്ടം തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന നാട്ടുകാർ വിവിധ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങി നിരാശയോടെ മടങ്ങുകയാണ് പതിവ്. സാമ്പത്തിക വർഷത്തിന്റെ അവസാനമായതോടെ ബാങ്ക്,സഹകരണ ബാങ്ക്, പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ ലഭിക്കാതായതോടെ നാട്ടുകാർ വലിയ പ്രതിഷേധത്തിലായിരുന്നു. ഇതിനിടെയാണ് റവന്യു മന്ത്രിയുടെ പാർട്ടിയും യുവജന സംഘടനയും ചേർന്ന് വില്ലേജ് ഓഫീസ് ഉപരോധിച്ചത്. പിന്നീട് തെന്മല പൊലീസ് എത്തിയ ഉപരോധക്കാരും തഹസിൽദാറുമായി ചർച്ച നടത്തി. തുടർന്ന് ഇന്ന് വില്ലേജ് ഓഫീസറെ നിയമിക്കാമെന്ന ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
തെന്മല ഗ്രാമ പഞ്ചായത്ത് അംഗവും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവുമായ സിബിൽ ബാബു ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ആർ.വിജേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ആര്യങ്കാവ്, കഴുതുരുട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ വി.എസ്.സോമരാജൻ, പി.ബി.അനിൽമോൻ, കിസാൻസഭ ജില്ലാകമ്മിറ്റി അംഗം കെ.രാജൻ, മഹിളസംഘം നേതാവ് ശ്രീദേവിപ്രകാശ്, എബിൻ പീറ്റർ,അർച്ചന,ഷിംഷ,മനീഷ,സൂര്യ, അമൃത,തങ്കജ്യോതി തുടങ്ങിയവർ സംസാരിച്ചു.
ആര്യങ്കാവിൽ പുതിയതായി ചുമതലയേറ്റ വില്ലേജ് ഓഫീസർ ചാർജ്ജ് എടുത്ത ശേഷം അസുഖം കാരണം അവധിയിലായിരുന്നതായും ഇന്നലെ അവധി അവസാനിച്ചതോടെ ഇന്ന് ചുമതലയേൽക്കുമെന്നും പുനലൂർ തഹസിൽദാർ കെ.എസ്.നസിയ അറിയിച്ചു.