കൊല്ലം: മൺറോത്തുരുത്തുകാർക്ക് ഇരുകരകളിലും എത്താനുള്ള പെരുമൺ- പേഴുംതുരുത്ത് ജങ്കാറിലെ ബോട്ടുകളുടെ പരിശോധന അനന്തമായി നീട്ടി തുറമുഖ വകുപ്പ്. രണ്ട് ബോട്ടുകളുമായി ഉടമസ്ഥൻ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്ക് പിന്നാലെ നടക്കുകയാണ്.
തോപ്പിൽക്കടവിലുള്ള സ്വകാര്യ ബോട്ട് യാർഡിന് മാത്രമാണ് ജില്ലയിൽ തുറമുഖ വകുപ്പിന്റെ അംഗീകാരമുള്ളത്. ഇവിടെയാണ് ബോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ടെസ്റ്റ് നടത്തേണ്ടത്. ഈ യാർഡിൽ നിരവധി ബോട്ടുകൾ അറ്റകുറ്റപ്പണിക്കായി എത്താറുണ്ട്. അതുകൊണ്ട് യാർഡിൽ ബോട്ട് പ്രവേശിപ്പിക്കാൻ തന്നെ മത്സരമാണ്. യാർഡ് ഒഴിവുള്ളപ്പോഴാവട്ടെ, ടെസ്റ്റ് നടത്തേണ്ട ആലപ്പുഴയിലെ സർവേയർക്ക് സമയവും കാണില്ല! കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള മറ്റൊരു സ്വകാര്യ യാർഡിൽ ബോട്ടുകൾ കയറ്റിയെങ്കിലും സർവേയർ ടെസ്റ്റ് നടത്താൻ തയ്യാറായില്ല.
ഈമാസം എട്ടിനാണ് ബോട്ടുകളുടെ ഫിറ്റ്നസ് പരിശോധനയ്ക്കായി ജങ്കാർ സർവീസ് നിറുത്തിവച്ചത്. തൊട്ടടുത്ത ദിവസംതന്നെ ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ടെസ്റ്റിനായി തുറമുഖ വകുപ്പ് ഓഫീസിനെ ഉടമസ്ഥൻ സമീപിച്ചെങ്കിലും ഗൗനിച്ചില്ല. വാഹനങ്ങളെയും യാത്രക്കാരെയും കയറ്റാനുള്ള ജങ്കാറിന്റെ തട്ട് ഇളക്കി മാറ്റിയിരിക്കുകയാണ് നിലവിൽ. ബോട്ടുകളുടെ ടെസ്റ്റ് കഴിഞ്ഞാലും ഇവ ഘടിപ്പിക്കാൻ രണ്ട് ദിവസമെടുക്കും.
ചുറ്റണം 25 കിലോമീറ്റർ
പാസഞ്ചർ സർവീസ് ഇല്ലാത്തതിനാൽ നേരത്തെ ട്രെയിനിനെ ആശ്രയിച്ചിരുന്നവരും കൊവിഡിന് ശേഷം ജങ്കാറിലാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയിരുന്നത്. ജങ്കാർ മുടങ്ങിയതോടെ ഭൂരിഭാഗം പേരും 25 കിലോമീറ്റോളം ചുറ്റിക്കറങ്ങിയാണ് കൊല്ലം നഗരത്തിൽ എത്തുന്നത്. മൺറോതുരുത്ത് ചിറ്റുമല റോഡിന്റെ നിർമ്മാണം നടക്കുന്നത് ഈ യാത്രയും ദുസ്സഹമാക്കുന്നു.