collector
കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ വിളക്കുടി ഗ്രാമപഞ്ചായത്തിലെ കോലിഞ്ചിമല സന്ദർശിക്കുന്നു

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന കോലിഞ്ചിമലയിലെ ക്വാറി കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സന്ദർശനം. ക്വാറിയിലെ പാറ ഖനനവും റവന്യു ഭൂമി കൈയ്യറ്റവും വിവാദമായതോടെയാണ് കളക്ടർ സ്ഥലത്തെത്തിയത്. വിളക്കുടി ഗ്രാമഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അപ്രതീക്ഷിത സന്ദർശനം.

കഴിഞ്ഞ ആഴ്ച കളക്ടർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, പല കാരണത്താൽ അത് രണ്ട് തവണ മാറ്റി വച്ചിരുന്നു. കളക്ടർ എത്താത്തതിനെ തുടർന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ക്വാറിയുടെ പ്രവേശന കവാടത്തിന് മുമ്പിൽ ഷെ‌ഡ്കെട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

കോലാഞ്ചിമലയിലെക്വാറിയുടെ പ്രവർത്തനം കളക്ടർ നേരിൽകണ്ടു. നാട്ടുകാർ നിരവധി പരാതികൾ കളക്ടറിനോട് ബോധിപ്പിച്ചു. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള പാറ പൊട്ടിക്കലാണ് അധികം പേരുടെയും പ്രശ്‌നം. രാത്രിയിൽ പോലും ഉഗ്രസ്‌ഫോടനത്തോടെയുള്ള ഖനനം നടക്കുന്നതായി അവർ കലക്ടറോട് പരാതി പറഞ്ഞു. കൂടാതെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ ക്വാറിയുടമകൾ നശിപ്പിച്ചതായും അവർ പറഞ്ഞു. പാറയുമായി ചീറിപ്പായുന്ന ലോറികൾക്കെതിരെയും പരാതിയുണ്ട്. സ്‌കൂളുകൾ തുറന്നതോടെ ഇത്തരത്തിൽ രാവും പകലും പായുന്ന വാഹനങ്ങൾ അപകടങ്ങൾ ക്ഷണിച്ച് വരുത്തുമെന്നും അവർ പറഞ്ഞു. ഇതുകൂടാതെ കോലിഞ്ചിമലയിൽ സർക്കാർ ഭൂമി കൈയേറുന്നതായും പരാതിയുണ്ട്. അത് അന്വേഷിച്ച് ബോധ്യപ്പെടണമെന്നും കളക്ടറോട് പറഞ്ഞു. വാർഡ് അംഗം റെജീനാ തോമസ് രേഖാമൂലം വിശദമായ പരാതി കളക്ടർക്ക് കൈമാറി.

ഡെപ്യൂട്ടി കലക്ടർ ജയശ്രീ, ജിയോളജിസ്റ്റ് സിനി, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ സിംല, തഹസിൽദാർ ജാസ്മിൻ ജോർജ്, കുന്നിക്കോട് പൊലീസ് ഉദ്യോഗസ്ഥർ, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ, വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.

ശനിയാഴ്ച 11 മണിക്ക് മുമ്പ് വിശദമായ റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് കൊല്ലം കളക്ടറേറ്റിൽ യോഗം ചേരുമെന്നും എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തുമെന്നും നാട്ടുകാർക്ക് ഉറപ്പ് നൽകിയ ശേഷമാണ് കളക്ടർ മടങ്ങിയത്.