കരുനാഗപ്പള്ളി: നടപ്പ് സമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ചകൾ മാത്രം ശേഷിക്കേ കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയുള്ള മരാമത്ത് പണികൾ ഇഴഞ്ഞ് നീങ്ങുന്നു. നടപ്പ് വർഷം ടെണ്ടർ ചെയ്ത് എഗ്രിമെന്റ് വെച്ച നിരവധി മരാമത്ത് പണികൾ ആരംഭിച്ചിട്ടുപോലുമില്ല. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള പടലപ്പിണക്കമാണ് പണികളുടെ മെല്ലെപ്പോക്കിന് കാരണം.
5 കോടി രൂപയുടെ വർക്കുകൾ നഷ്ടപ്പെടും
ഐക്കരമുക്ക് - കണിയാമഠത്തിൽ മുക്ക് റോഡിന്റെ നിർമ്മാണം ആരംഭിച്ചിട്ട് വർഷം ഒന്നാകുന്നു. പണി എന്നത്തേക്ക് പൂർത്തിയാകുമെന്ന് പറയാൻ ഉദ്യോഗസ്ഥർക്ക് ഇനിയും കഴിയുന്നില്ല. മുഖ്യന്ത്രിയുടെ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അനുവദിച്ച ഉദ്ദേശം 5 കോടി രൂപയുടെ വർക്കുകൾ നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്. മരാമത്ത് വർക്കുകളിൽ കൂടുതലും കുടിശ്ശികയീയിട്ടുള്ളത് ടാറിംഗ് വർക്കുകളാണ്. ടാറിംഗിന്റെ അമിതമായ വിലവർദ്ധനവാണ് ടാറിംഗ് ജോലികളിൽ നിന്ന് കരാറുകാരെ പിന്തിരിപ്പിക്കുന്നത്.
നവീകരണം കാത്ത് റോഡുകൾ
കൊട്ടയ്ക്കാട്ട് - കോപ്പണിക്കത്ത് റോഡ്, കേശവപുരം കുറ്രിക്കുളങ്ങര - ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം റോഡ്, കണ്ണംമ്പള്ളി മുക്ക് - ഒട്ടത്തിൽമുക്ക് റോഡ്, മീനത്തതിൽ - കണ്ടത്തിൽ തറയിൽമുക്ക് റോഡ്, പറമ്പിൽ മുക്ക് - തഴത്തോട് റോഡ്, കോട്ടക്കുഴി മുക്ക് - വെളിയിൽമുക്ക് റോഡ് തുടങ്ങി നിരവധി റോഡുകൾ എഗ്രിമെന്റ് വെച്ചിട്ട് പണി ആരംഭിക്കാത്തതും പണി ഇഴഞ്ഞ് നീങ്ങുന്നതുമായ റോഡുകളാണ്. നഗരസഭയുടെ പരിധയിൽ വരുന്ന 35 ഡിവിഷനുകളിലും ഇത്തരം ധാരാളം റോഡുകളാണ് നിർമ്മാണത്തിനായി കാത്തു കിടക്കുന്നത്.
അടുത്ത വർഷം ഫണ്ട് കുറയും
പണി പൂർത്തീകരിക്കാത്ത മരാമത്ത് പണികൾ അടുത്ത വർഷം സ്പിൽഓവറിലേക്ക് മാറ്റാറുണ്ട്. ഇങ്ങനെ വന്നാൽ അടുത്ത വർഷം പദ്ധതി വിഹിതത്തിൽ ഫണ്ട് കുറയും. അടുത്ത വർഷം സ്പിൽഓവറിൽ ഉൾപ്പെടുത്തി അടുത്ത വർഷത്തെ പദ്ധതയിൽ ചേർത്ത് ഡി.പി.സി യുടെ അംഗീകാരം വാങ്ങിയെങ്കിൽ മാത്രമേ പണി ആരംഭിക്കാൻ കഴിയുകയുള്ളു.